HOME
DETAILS

'മരണംനീട്ടല്‍' വ്യാപാരം ചോദ്യം ചെയ്യപ്പെടുമ്പോള്‍

  
backup
September 07 2019 | 23:09 PM

veenduvicharam-by-a-sajeevan-772792-212

 

 

മനുഷ്യപ്പറ്റുള്ള സാഹിത്യകാരന്മാരിലൊരാളായിരുന്ന തിക്കോടിയന്‍ ആശുപത്രിയില്‍ അത്യാസന്നനിലയിലുള്ള രോഗിയെ കാണാന്‍ പോയി. രോഗി ഏറെ ദിവസമായി വെന്റിലേറ്ററിലാണ്. അങ്ങേയറ്റം ഗുരുതരാവസ്ഥയിലായതിനാല്‍ സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുന്നില്ല. അടുത്തബന്ധുക്കളിലാര്‍ക്കെങ്കിലും രാവിലെയോ വൈകുന്നേരമോ അല്‍പ്പനിമിഷം കാണാന്‍ അനുമതിയുണ്ട്.
സന്ദര്‍ശകന്‍ തിക്കോടിയനായതിനാലും അദ്ദേഹം രോഗിയുടെ അടുത്ത മിത്രമായതിനാലും ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് അദ്ദേഹത്തിനു രോഗിയെ കാണാന്‍ അനുമതി നല്‍കണമെന്നഭ്യര്‍ഥിച്ചു. അങ്ങനെ പ്രത്യേകാനുമതി കിട്ടി.
രോഗിയുടെ മുന്നിലെത്തിയ തിക്കോടിയന്‍ ഞെട്ടിപ്പോയി. മൂക്കിലും വായിലുമെല്ലാം കുഴലുകളിട്ട്. 'പേടിപ്പെടുത്തുന്ന' യന്ത്രങ്ങള്‍ക്കു നടുവില്‍ ജീവച്ഛവമായി ഒരു മനുഷ്യശരീരം. അതു തന്റെ സുഹൃത്താണെന്നു തിരിച്ചറിയാന്‍ തിക്കോടിയനു കഴിഞ്ഞില്ല. ദിവസങ്ങളോളമായി ഒരേ കിടപ്പിലുള്ള ശരീരം ചീര്‍ത്ത്, നിറഭേദം വന്നു വല്ലാത്ത പരുവത്തിലായിരുന്നു.
തലകറക്കമനുഭവപ്പെടുന്ന ആ അന്തരീക്ഷത്തില്‍ നിന്നു തിക്കോടിയന്‍ എങ്ങനെയോ പുറത്തിറങ്ങി. ഒന്നും മിണ്ടാതെ പുറത്തേയ്ക്കു നടന്നു. തന്നോടൊപ്പമുള്ള സുഹൃത്തുകൂടിയായ യുവഡോക്ടറോട് അദ്ദേഹം ചോദിച്ചു,
''ഡോക്ടറേ.., ഇങ്ങനെ കിടത്തിയതുകൊണ്ട് എന്തെങ്കിലും പ്രതീക്ഷയുണ്ടോ.''
''ഒരു പ്രതീക്ഷയുമില്ല. വെന്റിലേറ്റര്‍ മാറ്റിയാല്‍ ആ നിമിഷം ശ്വാസം നിലയ്ക്കും.''
''പിന്നെന്തിന് ആ പാവത്തെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നു.''
''സ്വകാര്യ ആശുപത്രിയല്ലേ. അവര്‍ പരമാവധി ശ്രമം നടത്തും.''
''എന്തിന്. ജീവന്‍ രക്ഷിക്കാനോ.''
ആ ചോദ്യത്തിനു മുന്നില്‍ യുവഡോക്ടര്‍ നിസ്സഹായമായ ഒരു ചിരി ചിരിച്ചു.
അന്നു തിക്കോടിയന്‍ തന്റെ സുഹൃത്തായ ആ ഡോക്ടറോട് ഒരഭ്യര്‍ഥന നടത്തി, ''ഡോക്ടറേ.., എനിക്ക് എന്തെങ്കിലും ഗുരുതരമായ അസുഖം വന്നു ബോധമില്ലാതെ ഇങ്ങനെ കിടക്കേണ്ടി വന്നാല്‍, ഈ രീതിയിലുള്ള കുന്ത്രാണ്ടമൊക്കെ ഒഴിവാക്കണം. നരകിക്കാതെ എനിക്കു സ്വസ്ഥമായി മരിക്കണം.''
ആ അഭ്യര്‍ഥന കേട്ടു ഡോക്ടര്‍ തലയാട്ടി ചിരിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം തിക്കോടിയനെ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ആ ഡോക്ടര്‍ കാണാന്‍ ചെന്നു. ഐ.സി.യുവില്‍ ബോധമറ്റു കിടപ്പായിരുന്നു. വായിലും മൂക്കിലുമെല്ലാം കുഴലുകള്‍. അടുത്തു ജീവന്‍രക്ഷയ്ക്കുള്ള യന്ത്രസാമഗ്രികള്‍. ആ നിമിഷത്തില്‍ ആ യുവഡോക്ടറുടെ കാതില്‍ പഴയ ആ അഭ്യര്‍ഥന മുഴങ്ങി, ''ഡോക്ടറേ.., എനിക്കു സ്വസ്ഥമായി മരിക്കണം.''
പക്ഷേ, ആ ഡോക്ടര്‍ നിസ്സഹായനായിരുന്നു. അത്തരം ചികിത്സ വേണ്ടെന്നു പറയാനുള്ള അവകാശം അദ്ദേഹത്തിനില്ലായിരുന്നു. ദിവസങ്ങളോളം ആ അവസ്ഥയില്‍ കിടന്നാണു തിക്കോടിയന്‍ മരിച്ചത്.
ഇന്ത്യയിലാദ്യമായി 'ലിവിങ് വില്‍' രജിസ്റ്റര്‍ ചെയ്യപ്പെട്ട വാര്‍ത്ത വായിച്ചപ്പോഴാണു തിക്കോടിയന്‍ മാഷുടെ 'അന്ത്യ'ാഭിലാഷവും അന്ത്യനിമിഷാവസ്ഥയും ഓര്‍മയിലെത്തിയത്. അനുവദിക്കപ്പെട്ട ആയുസ്സു തീരുമ്പോള്‍ സ്വാഭാവികമായി സ്വസ്ഥമായി മരിക്കണം. അതേസമയം, ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ ഡോക്ടര്‍ അതിനു പരമാവധി ശ്രമിക്കുകയും വേണം. പക്ഷേ, അതു ലാഭം കൊയ്യാന്‍ മാത്രമുള്ള ജീവന്‍ 'നീട്ടല്‍' ആവരുത്.
ഒരിക്കലും ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളവരെ, മസ്തിഷ്‌കമരണം സംഭവിച്ചവരെപ്പോലും ദിവസങ്ങളോളവും ആഴ്ചകളോളവും 'കൃത്രിമമായി ശ്വസിപ്പിച്ചു' മരിച്ചില്ലെന്നുവരുത്തി നിലനിര്‍ത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. അങ്ങനെ നീട്ടിക്കിട്ടുന്ന ഓരോ നിമിഷവും ആശുപത്രി ബില്ലിലെ അക്കങ്ങള്‍ കൂടിക്കൊണ്ടിരിക്കും. രോഗിയുടെ മരണത്തോടെ താങ്ങാനാവാത്ത ബില്‍ അടയ്ക്കുകയെന്ന അശനിപാതം ബന്ധുക്കളുടെ തലയില്‍ പതിക്കും.
'മരിപ്പിക്കാതെ നിലനിര്‍ത്തുക'യെന്ന സാങ്കേതികസംവിധാനം കച്ചവടസാധ്യതയാക്കി മാറ്റുന്ന പ്രവണത വര്‍ധിച്ചുവന്നതിനെതിരേയാണ് 'ലിവിങ് വില്‍' അവകാശത്തിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് കോമണ്‍ കോസ് എന്ന സംഘടന പരമോന്നത നീതിപീഠത്തിനു മുന്നിലെത്തിയത്. ജീവിതം തിരിച്ചുപിടിക്കാനുള്ള സാധ്യത തീര്‍ത്തുമില്ലെന്നു കണ്ടാലും യന്ത്രസഹായത്തോടെ ദിവസങ്ങളോ ആഴ്ചകളോ ശ്വസിപ്പിച്ചു നിര്‍ത്തുന്ന പ്രവണതയില്‍ നിന്നു രക്ഷപ്പെടാനുള്ള അവകാശം രോഗിക്കു മുന്‍കൂറായി നല്‍കണമെന്നതായിരുന്നു ആവശ്യം.
സുപ്രിംകോടതി 2018 മാര്‍ച്ചില്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ ആ ഹരജി അനുവദിച്ചു. ഏതൊരു വ്യക്തിക്കും മുന്‍കൂറായി ലിവിങ് വില്‍ രജിസ്റ്റര്‍ ചെയ്യാം. മാരകമായ അസുഖം വന്ന് അത്യാസന്ന നിലയിലായി ജീവിതത്തിലേയ്ക്കു തിരിച്ചുവരവ് അസാധ്യമാണെന്നു തോന്നുന്ന ഘട്ടത്തില്‍ വെന്റിലേറ്റര്‍പോലെ ശ്വാസം നിലനിര്‍ത്തുന്ന യന്ത്രസഹായം ഒഴിവാക്കണമെന്ന് ആരോഗ്യവും സ്വബോധവുമുള്ള കാലത്തു തന്നെ തീരുമാനിച്ചു രജിസ്റ്റര്‍ ചെയ്യാം.
അങ്ങനെയൊരു പത്രം മുന്‍കൂറായി തയ്യാറാക്കി രജിസ്റ്റര്‍ ചെയ്തയാള്‍ രോഗിയായി അബോധാവസ്ഥയിലും അത്യാസന്ന നിലയിലുമെത്തിയാല്‍ ചികിത്സ നല്‍കരുതെന്നല്ല ഇതിലെ വ്യവസ്ഥ. ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായ എല്ലാം അവസാന നിമിഷം വരെ ചെയ്യാന്‍ ഡോക്ടര്‍ ബാധ്യസ്ഥനാണ്. തിരിച്ചുപിടിക്കല്‍ സാധ്യമല്ലെങ്കില്‍ മാത്രമാണു ലിവിങ് വില്ലിനു പ്രസക്തി. ജീവന്‍ തിരിച്ചുകിട്ടില്ലെന്നു തീരുമാനിക്കേണ്ടത് മെഡിക്കല്‍ ബോര്‍ഡാണ്. ലിവിങ് വില്‍ ബാധകമാക്കാന്‍ അനുമതി നല്‍കേണ്ടത് നീതിപീഠവും.
2018 മാര്‍ച്ചില്‍ ലിവിങ് വില്‍ അംഗീകരിച്ചു സുപ്രിംകോടതി ഉത്തരവു വന്നെങ്കിലും ആരും ഇതുവരെ അതനുസരിച്ചു രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അങ്ങനെയൊരു കോടതിവിധിയെക്കുറിച്ച് ഒട്ടുമിക്കവരും മറന്നിരുന്നു. രോഗവും മരണം നീട്ടിക്കൊടുക്കലും കച്ചവടസാധ്യതയാക്കി മാറ്റുന്ന ആശുപത്രികള്‍ പിന്നെയും മരിച്ചുകൊണ്ടിരിക്കുന്ന രോഗിയുടെ ശ്വാസം ആധുനികയന്ത്രസഹായത്താല്‍ പിടിച്ചുനിര്‍ത്തിക്കൊണ്ടിരുന്നു. നീട്ടിയെടുക്കുന്ന മരണത്തിന്റെ സമയത്തോതനുസരിച്ച് അവരുടെ പെട്ടിയില്‍ വീഴുന്ന നോട്ടുകെട്ടുകളുടെ എണ്ണവും പെരുകി.
ഇപ്പോഴിതാ, സ്വാഭാവികമായി വന്നെത്തുന്ന മരണത്തെ കൃത്രിമമാര്‍ഗത്തിലൂടെ വൃഥാ പിടിച്ചുനിര്‍ത്തരുതെന്ന നിയമം സ്വന്തം ജീവിതാന്ത്യത്തില്‍ നടപ്പാകണമെന്ന ലക്ഷ്യത്തോടെ ഒരു ഡോക്ടര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ത്തന്നെ. തൃശൂര്‍ പാലിയേറ്റീവ് കെയറിലെ ഡോക്ടറും അരണാട്ടുകര സ്വദേശിയുമായ ജോസ് ബാബുവാണ് ആദ്യമായി ലിവിങ് വില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണം നീട്ടിവയ്ക്കല്‍ കച്ചവടമാക്കുന്നതിനെതിരേയുള്ള ആദ്യ പ്രതികരണം.
പണ്ടുകാലത്ത് മരണം ആസന്നമായ രോഗികളെ വീട്ടിലാണു കിടത്തി പരിചരിക്കാറുള്ളത്. ചികിത്സ നിഷേധിക്കലല്ല, ദയാവധവുമല്ല. സ്വാഭാവികമരണത്തെ സ്വസ്ഥമായി വരിക്കാന്‍ അനുവദിക്കലാണ്. മരണാസന്നനെ കാണാന്‍ അടുത്തബന്ധുക്കളെത്തും. മക്കളും കൊച്ചുമക്കളുമെല്ലാമുണ്ടാകും. അവരുടെ കണ്‍മുന്നില്‍ വച്ചാണു രോഗി അവസാനത്തെ ശ്വാസമെടുക്കുന്നത്.
ഈയടുത്ത് അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന അടുത്ത ബന്ധുവിനെ കാണാന്‍ ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. അര്‍ബുദരോഗിയായ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ വിലയിരുത്തിയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മാനസികമായി നേരിടാന്‍ ഭാര്യയും മക്കളും ഒരുങ്ങിയിരുന്നു. എന്നിട്ടും, ദിവസങ്ങളോളം അദ്ദേഹം വെന്റിലേറ്ററില്‍ കഴിഞ്ഞു. ആശുപത്രി അധികൃതര്‍ക്ക് അതില്‍ പ്രശ്‌നമുണ്ടായിരുന്നില്ല. കാരണം, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ആളായിരുന്നു ആ രോഗി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago