വയനാട്ടുകാരുടെ പ്രിയപ്പെട്ട മണിയന് മറ്റൊരു കൊമ്പന്റെ കുത്തേറ്റ് ദാരുണാന്ത്യം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടുകാരുടെ പ്രിയപ്പെട്ട കൊമ്പന് മറ്റൊരു കാട്ടുകൊമ്പന്റെ കുത്തേറ്റ് ദാരുണാന്ത്യം.
മണിയനെന്ന് നാട്ടുകാര്‍ ഓമനപേരിട്ടു വിളിക്കുന്ന 40 വയസുള്ള കാട്ടാനയാണ് മറ്റൊരു കാട്ടാനയുമായുള്ള ഏറ്റുമുട്ടലില്‍ ചെരിഞ്ഞത്. വെള്ളിയാഴ്ച രാത്രി വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിലെ പുല്ലുമല വനമേഖലിയില്‍ വച്ചാണ് സംഭവം.
സംഭവമറിഞ്ഞ് വയനാട് വന്യജീവിസങ്കേതം മേധാവി പി. കെ ആസിഫ്, കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശന്‍, ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികളും പോസ്റ്റ് മോര്‍ട്ടവും നടത്തി ജഡം സംസ്‌ക്കരിച്ചു.
ഏറ്റുമുട്ടലില്‍ മണിയന്റെ മസ്തകത്തിലും വലതുമുന്‍കാലിനോട് ചേര്‍ന്ന് വാരിയെല്ലിന്റെ ഭാഗത്തും കഴുത്തിലും താടിയെല്ലിനും ആഴത്തില്‍ കൊമ്പുകള്‍ ഇറങ്ങിയതിന്റെ മുറിവുകള്‍ ഉണ്ട്. ശ്വാസകോശത്തില്‍ കൊമ്പുകള്‍ തുളഞ്ഞിറങ്ങി മറുപുറത്തെത്തിയിട്ടുണ്ട്.
സാധാരണ മറ്റു കാട്ടാനകളെപ്പോലെ ആക്രമണസ്വഭാവമോ, കൃഷി നാശം വരുത്തുകയോ ചെയ്യാത്ത മണിയന്‍ എന്നും നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു.
വനാതിര്‍ത്തിയോടു ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ എത്തുന്ന മണിയനെ പേരെടുത്ത് വിളിച്ചാല്‍ അടുത്തുവരുകയും നാട്ടുകാര്‍ നല്‍കുന്ന ചക്കയും പഴവുമടക്കമുളള ഭക്ഷണങ്ങള്‍ കഴിച്ച് തിരിച്ചു പോകുകയും ചെയ്യും.
ബത്തേരി -പുല്‍പ്പള്ളി റോഡില്‍ യാത്രചെയ്യുന്നവരുടെ സ്ഥിരം കാഴ്ചയായിരുന്നു മണിയന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."