ഭ്രാന്തമായ ഫാസിസം മറനീക്കി പുറത്ത്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാതിരിക്കുകയും സമരത്തെ ഒറ്റുകൊടുക്കുകയും ചെയ്ത സംഘ്പരിവാര്‍, സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാര്‍പ്പണംചെയ്ത സമരസേനാനികളെയും ദേശീയപ്രസ്ഥാന നേതാക്കളെയും ഇകഴ്ത്തുന്നതും അപമാനിക്കുന്നതും നിര്‍ബാധം തുടരുകയാണ്. ദേശീയ നേതാക്കളെയും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത കര്‍മധീരരെയും ജനമനസ്സില്‍നിന്ന് ഇളക്കിമാറ്റി പകരം ഫാസിസത്തിന് ബീജാവാപം ചെയ്ത സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും ദീനദയാല്‍ ഉപാധ്യായയെയും പ്രതിഷ്ഠിക്കാനുള്ള യത്‌നത്തിലാണവര്‍.
കഴിഞ്ഞ ദിവസം ഛത്തിസ്ഗഡില്‍ അമിത്ഷാ ഗാന്ധിജിക്കെതിരേ നടത്തിയ നിന്ദ്യമായ പരാമര്‍ശം ഇതിന്റെ ഭാഗമാണ്. ഫാസിസത്തെ ജനങ്ങള്‍ക്കു സ്വീകാര്യമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപജ്ഞാതാക്കളായ സംഘ്പരിവാര്‍ നേതാക്കളെ ജനമനസില്‍ പ്രതിഷ്ഠിക്കാനായാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കല്‍ എളുപ്പമാണെന്ന് അവര്‍ വ്യാമോഹിക്കുന്നു. ഗാന്ധജി ബുദ്ധിമാനായ ബനിയ ആയിരുന്നെന്നാണു അമിത് ഷാ പറഞ്ഞത്. ഛത്തിസ്ഗഡിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തില്‍ ഇങ്ങനെ പറഞ്ഞത് ഓര്‍ക്കാപ്പുറത്തല്ല എന്നുറപ്പ്. നേരത്തേ തീരുമാനിച്ചുറപ്പിച്ചതായിരിക്കണം.
കേരളത്തിലെത്തിയാല്‍ ന്യൂനപക്ഷത്തെയുള്‍പ്പെടെ എല്ലാവരെയും ഒപ്പംകൂട്ടണമെന്ന ഭംഗിവാക്കു പറയുന്നത് ബി.ജെ.പി നേതാക്കളുടെ പതിവുരീതിയാണ്. അതേസമയം സാമുദായികഭ്രാന്തു നിലനില്‍ക്കുന്ന ഉത്തരേന്ത്യയില്‍ ജാതിപ്പേരു പറഞ്ഞു മഹാന്മാരെപ്പോലും അപമാനിക്കുകയാണ്. സാമുദായികവികാരം ഉണര്‍ത്തി വോട്ടുതട്ടുകയെന്ന സംഘ്പരിവാറിന്റെ തനിസ്വരൂപം പുറത്തെടുക്കുകയാണ് അമിത് ഷാഛത്തീസ്ഗഡില്‍ ചെയ്തത്. നാളെ ഇതു കേരളത്തിലും നടപ്പാക്കും.
പ്രത്യയശാസ്ത്രമോ തത്വസംഹിതയോ ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന അമിത് ഷായുടെ ആക്ഷേപം ആ പാര്‍ട്ടിയെ അങ്ങേയറ്റം അപമാനിക്കലാണ്. എന്നിട്ടും, കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണമുണ്ടായില്ലെന്നതു ഖേദകരം തന്നെ. രാഷ്ട്രപിതാവിനെപ്പോലും ജാതി പറഞ്ഞ് അവഹേളിക്കുന്ന സംഘ്പരിവാറിന്റെ ദേശീയനേതാവിനു ചുട്ടമറുപടി നല്‍കാനും അവര്‍ക്കു ചങ്കൂറ്റമുണ്ടായില്ല. ജാതി പറഞ്ഞു രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമത്തെ പത്രപ്രസ്താവനയിലൂടെ 'ഔപചാരികമായി' പ്രതിഷേധിച്ചു കോണ്‍ഗ്രസ് നേതാക്കള്‍ സായൂജ്യമടഞ്ഞു!
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ശിക്ഷിക്കുമെന്നായപ്പോള്‍ വെള്ളക്കാരുടെ കാല്‍ക്കല്‍ വീണു മാപ്പെഴുതിക്കൊടുത്തു രക്ഷപ്പെട്ട ചരിത്രമാണ് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വീര്‍ സവര്‍ക്കറുടേത്. ആ സവര്‍ക്കറെയാണു രാജസ്ഥാന്‍ സ്‌കൂള്‍ ബോര്‍ഡ് തയാറാക്കിയ പാഠപുസ്തകത്തില്‍ ധീരദേശാഭിമാനിയായി ചിത്രീകരിച്ചിരിക്കുന്നത്. മഹാത്മാഗാന്ധിയെയും പ്രഥമ പ്രധാനമന്ത്രിയായി പണ്ഡിറ്റ്ജിയെയും പാഠപുസ്തകത്തില്‍നിന്നു പുറന്തള്ളുകയും ചെയ്തു. ചരിത്രത്തിന്റെ വക്രീകരണമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇതു ഫാസിസത്തിന്റെ രീതിയും നയവുമാണ്.
ചെറുത്തുനില്‍പ്പുകള്‍ ദുര്‍ബലമാകുമ്പോള്‍ ഫാസിസം കൂടുതല്‍ കരുത്തോടെ ജീവിതത്തിന്റെ സര്‍വമേഖലകളിലും പിടിമുറുക്കും. അതാണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍നിന്ന് ഊര്‍ജം സംഭരിച്ച് 2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പുലര്‍ത്തുകയാണ് രാജ്യത്തെ ഹിന്ദുസംഘടനകള്‍. ജൂണ്‍ 14 മുതല്‍ 17 വരെ ഗോവയില്‍ ഹിന്ദു ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നാണു ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
2023 ഓടെ ഹിന്ദുരാഷ്ട്രം യാഥാര്‍ഥ്യമാക്കാനായി 150 ഓളം ഹിന്ദുത്വസംഘടനകളാണ് ഗോവയില്‍ സമ്മേളിക്കുന്നത്. ഫാസിസം അതിന്റെ എല്ലാ മുഖംമൂടികളും മാറ്റിവച്ച് തനിസ്വരൂപം പുറത്തെടുക്കുവാന്‍ തുടങ്ങുന്നുവെന്നതിന്റെ സൂചനകളാണ് അമിത് ഷായുടെ പ്രകോപനപരമായ പരാമര്‍ശങ്ങളും ഹിന്ദുസംഘടനകളുടെ നിലപാടുകളും വ്യക്തമാക്കുന്നത്. ഇതൊന്നും കാണാതെ, ശീതീകരിച്ച മുറിയിലിരുന്നു മാധ്യമങ്ങള്‍ക്ക് പ്രതിഷേധപ്രസ്താവന എഴുതിക്കൊടുക്കുന്ന കോണ്‍ഗ്രസ് ശൈലികൊണ്ട് ഇന്ത്യയെ വര്‍ഗീയഭ്രാന്തിന്റെ വിപത്തില്‍നിന്നു രക്ഷിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."