പിഴ കൂട്ടുകയല്ല വേണ്ടതെന്ന് കോടിയേരി, മോട്ടോര്‍ വാഹനനിയമ ഭേദഗതിക്കെതിരെ സി.പി.എം; നിയമം നടപ്പാക്കരുതെന്ന് തിരുവഞ്ചൂരും
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതിക്കെതിരെ സി.പി.എമ്മും കോണ്‍ഗ്രസും. പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയമം നടപ്പാക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
തല്‍ക്കാലം നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കോടിയേരി പറഞ്ഞു. മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയീടാക്കുകയെന്നത് അശാസ്ത്രീയമാണെന്നാണ് സി.പി.എം നിലപാട്. ഉയര്‍ന്ന പിഴയീടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ. പിഴത്തുക കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗതാഗതവകുപ്പ് പരിശോധിക്കേണ്ടതുണ്ട്. വന്‍ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് കോടിയേരി ആരോപിച്ചു. പിഴത്തുക കൂടുമ്പോള്‍ 10,000 രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് 5,000 രൂപ കൊടുത്ത് ആളുകള്‍ ഊരിപ്പോരാന്‍ നോക്കും. അപ്പോള്‍ ആ പണം ആര്‍ക്ക് പോയി? സര്‍ക്കാരിനും കിട്ടുന്നില്ല. അഴിമതിയ്ക്ക് കളമൊരുങ്ങുകയും ചെയ്യുന്നു- കോടിയേരി പറയുന്നു.
ചില സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര, രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സമാനമായ രീതിയില്‍ നിയമവശം പരിശോധിച്ച് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കണമെന്നാണ് സിപിഎം സ!ര്‍ക്കാരിനോടും ഗതാഗതവകുപ്പിനോടും ആവശ്യപ്പെടുന്നത്.
അതേസമയം, നിയമം കേരളത്തില്‍ നടപ്പാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിയമം കേരളത്തിന് നടപ്പാക്കാതിരിക്കാം. ഇക്കാര്യത്തില്‍ സ്വന്തം തീരുമാനമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
cpim and congress opposing motor vehicle act
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."