കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജിയിലേക്ക്
കൊച്ചി: വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജിയിലേക്കു മാറുന്നു. സാധ്യതാ പരിശോധനയ്ക്കായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ ഉപസമിതി രൂപീകരിച്ചതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപസമിതി രൂപീകരിക്കാന്‍ തീരുമാനമായത്. ഇതോടൊപ്പം മത്സ്യബന്ധന ബോട്ടുകളും യാത്രാബോട്ടുകളും എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജിയിലേക്കു മാറ്റുമ്പോഴുണ്ടാകുന്ന വിലവ്യത്യാസം പെട്രോനെറ്റ് എല്‍.എന്‍.ജി വഹിക്കാമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ വന്നിരുന്നു. 100 ബസുകള്‍ വരെയാണ് പെട്രോനെറ്റ് വാഗ്ദാനം ചെയ്തിരുന്നത്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. പെട്രോനെറ്റ് എല്‍.എന്‍.ജിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.
മത്സ്യബന്ധന ബോട്ടുകളില്‍ മണ്ണെണ്ണയും ഡീസലുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മണ്ണെണ്ണ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മറ്റാവശ്യങ്ങള്‍ക്കായി കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ ഒരു വിഹിതം സബ്‌സിഡി നല്‍കി മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് മത്സ്യബന്ധന ബോട്ടുകളിലും പ്രകൃതി വാതകം ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്. ജലഗതാഗത വകുപ്പ് സോളാര്‍ യാത്രാ ബോട്ടുകളിറക്കി ഇന്ത്യക്കാകെ മാതൃകയായിരുന്നു. ഡീസല്‍ യാത്രാബോട്ടുകളും എല്‍.എന്‍.ജിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറ്റുന്നതിനുള്ള സാധ്യതയും ഉപസമിതി പരിശോധിക്കും.
എല്‍.എന്‍.ജി ഉപയോഗിച്ചുള്ള പരീക്ഷണം യാത്രാവാഹനങ്ങളില്‍ ഇന്ത്യയിലെവിടെയും നടന്നിട്ടില്ല. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍ എന്നിവ ഏറ്റവുമധികം മലിനീകരണമുള്ള നഗരങ്ങളാണെന്നാണ് ഹരിത ട്രിബ്യൂണലിന്റെ നിഗമനം. ആഗോള താപനവും മലിനീകരണവും നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ-വെഹിക്കിള്‍ നയം സര്‍ക്കാര്‍ അംഗീകരിച്ചത്. മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങളില്‍നിന്നു മാറി പ്രകൃതിവാതകങ്ങളിലേക്കു മാറുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എങ്കിലും എടുത്തുചാടി വലിയ മുതല്‍ മുടക്കുള്ള സംരംഭത്തിലേക്കു നീങ്ങാനാകില്ല. അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബസുകള്‍ നിരത്തിലിറക്കാനാകുമോയെന്നു പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എല്‍.എന്‍.ജിയുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്.
നിലവില്‍ കൊച്ചിയില്‍ മാത്രമാണ് എല്‍.എന്‍.ജി വിതരണമുള്ളത്. തിരുവനന്തപുരത്ത് എച്ച്.എല്‍.എല്ലിന് എല്‍.എന്‍.ജി വിതരണമുണ്ട്. ആനയറയില്‍ എല്‍.എന്‍.ജി, സി.എന്‍.ജി യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മലബാര്‍ മേഖലയില്‍, എടപ്പാളും കണ്ണൂരില്‍ അനുയോജ്യമായ സ്ഥലത്തും എല്‍.എന്‍.ജി ലഭ്യത ഉറപ്പാക്കാന്‍ നടപടി വേഗത്തിലാക്കും.
ഇക്കാര്യങ്ങളെല്ലാം ഉപസമിതി വിശദമായി പരിശോധിക്കും. മത്സ്യഫെഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് (എച്ച്.എല്‍.എല്‍), ജലഗതാഗത വകുപ്പ് എന്നിവരും ഉപസമിതിയില്‍ അംഗങ്ങളാകും.
പെട്രോനെറ്റ് എല്‍.എന്‍.ജി എം.ഡി ആന്റ് സി.ഇ.ഒ പ്രഭാത് സിംഗ്, ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ എന്നിവരും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്.എല്‍.എല്‍, മത്സ്യഫെഡ്, ജലഗതാഗത വകുപ്പ് ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."