അജുവധക്കേസ് : അഭിഭാഷക ഭീഷണിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ് ബഹിഷ്‌കരിച്ചു
ആലപ്പുഴ: അഭിഭാഷകരുടെ ഭീഷണിയെ തുടര്‍ന്ന് അജു വധക്കേസ് വിധിപ്രസ്താവം കോടതിയില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വിട്ടുനിന്നു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകനും സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരുമായിരുന്ന കാളാത്ത് വൈദേഹി വീട്ടില്‍ അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സെഷന്‍ കോടതി വിധിപറയുന്നതിനിടെയാണ് അഭിഭാഷകര്‍ സംഘര്‍ഷത്തിന് പദ്ധതിയിട്ടത്.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രശ്‌നസാധ്യത മുന്‍കൂട്ടി കണ്ട് റിപ്പോര്‍ട്ടിങ് ബഹിഷ്‌കരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുംവിധം ചില അഭിഭാഷകര്‍ കോടതി വളപ്പിനു മുന്നില്‍ ഫ്‌ളക്‌സ് ബാനര്‍ സ്ഥാപിക്കുകയും കോടതിയില്‍ എത്തിയാല്‍ തടയുമെന്ന് നവ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ നടപടി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ.ഷാജഹാന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. വിവാദ ഫ്‌ളക്‌സ് ബാനര്‍ ജില്ലാ പൊലിസ് മേധാവി എ.അക്ബറുടെ നിര്‍ദേശപ്രകാരം നീക്കം ചെയ്തു.
ജനങ്ങളുടെ അറിയാനുള്ള അവകാശം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ആലപ്പുഴ ജില്ലാ നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.എസ് ഉമേഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം, ജില്ലാ സെക്രട്ടറി ജി.ഹരികൃഷ്ണന്‍, ട്രഷറര്‍ ജി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അംജത് പി.ബഷീര്‍, ജോയിന്റ് സെക്രട്ടറി പി. അഭിലാഷ്, സംസ്ഥാന കമ്മിറ്റി അംഗം ബോണി ജോസഫ് , ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളായ ടി.കെ.അനില്‍കുമാര്‍, നിധീഷ് ചന്ദ്രന്‍ ,സന്തോഷ് കുമാര്‍ പുന്നപ്ര , ധനോജ് മാനുവല്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം അജുവധക്കേസില്‍ പ്രതികളായ ആലപ്പുഴ കാളാത്ത് സ്വദേശികളായ ആന്റണി, വിജേഷ്, സൈമണ്‍ വി ജാക്ക്, നിഷാദ്, തോമസുകുട്ടി, സിനു വര്‍ഗീസ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
2008 നവംബര്‍ 16ന് രാത്രി 11.30നു തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്ത് വച്ചായിരുന്നു സംഭവം.
മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഒന്നാം പ്രതി ഷിജി ജോസഫിന്റെ നിര്‍ദേശപ്രകാരം ഇയാളുടെ ജോലിക്കാരായ രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ ചേര്‍ന്ന് ഇരുമ്പുപൈപ്പും മരക്കഷണവും ഉപയോഗിച്ച് അജുവിനേയും സുഹൃത്ത് അഭിലാഷിനേയും ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."