മരടിലെ ഫ്‌ളാറ്റ് പൊളിച്ചുനീക്കല്‍ സര്‍ക്കാര്‍ നടപടികളിലേക്ക്
സ്വന്തം ലേഖിക
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് മരട് നഗരസഭയില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ 20നകം പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതിയുടെ അന്ത്യശാനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടികളാരംഭിച്ചു.
ഇത് സംബന്ധിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി മരട് നഗരസഭാ സെക്രട്ടറിക്കും എറണാകുളം ജില്ലാകലക്ടര്‍ക്കും കത്ത് നല്‍കി. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ എത്രയും പെട്ടെന്ന് ഫ്‌ളാറ്റിലെ താമസക്കാരെ ഒഴിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കലക്ടറുമായി സഹകരിച്ച് താമസക്കാരുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കണമെന്നും കത്തിലുണ്ട്. ഉടന്‍ ടെണ്ടര്‍ ക്ഷണിച്ച് ഫ്‌ളാറ്റുകള്‍ പെളിച്ചുനീക്കുന്ന ജോലി അനുയോജ്യമായ ഏജന്‍സിയെ ഏല്‍പിക്കണമെന്നും ഫ്‌ളാറ്റുകള്‍ സുരക്ഷിതമായി പൊളിച്ചുനീക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അഞ്ച് ഫ്‌ളാറ്റുകളിലായി കഴിയുന്ന നാനൂറിലേറെ കുടുംബങ്ങളെയാണ് നഗരസഭ ഒഴിപ്പിച്ച് മാറ്റിപ്പാര്‍പ്പിക്കേണ്ടത്. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ നഗരസഭയ്ക്ക് സര്‍ക്കാര്‍ എല്ലാസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അടിയന്തരമായി ഉത്തരവ് നടപ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം കലക്ടറുമായി ഇന്ന് കൂടിയാലോചിച്ചതിനുശേഷം നടപടിയിലേക്ക് നീങ്ങുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ടി.എച്ച് നദീറ പറഞ്ഞു. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിച്ചുനീക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് നഗരസഭ. നാനൂറിലധികം ഫ്‌ളാറ്റുകളുള്ള അഞ്ച് കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെങ്കില്‍ 30 കോടി രൂപയെങ്കിലും ചെലവ് വരുമെന്നും ഇത് വഹിക്കാനുള്ള ശേഷി നഗരസഭയ്ക്കില്ലെന്നും ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായത്തോടെ സുപ്രിംകോടതി വിധി നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.
പൊളിച്ചുനീക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ വരുത്തുന്ന പാരിസ്ഥിതിക പ്രശ്‌നത്തിലുംനഗരസഭയ്ക്ക് ആശങ്കയുണ്ട്.അതേസമയം ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങിയാല്‍ ശക്തമായ രീതിയില്‍ പ്രതിരോധിക്കാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം. ഇന്നലെ രാത്രി ഫ്‌ളാറ്റുടമകള്‍ യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തു.
ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍. ബില്‍ഡര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നിയമ ലംഘനത്തില്‍ തങ്ങള്‍ ഇരകളായെന്ന നിലപാടിലാണ് അവര്‍. 60ലക്ഷം രൂപ മുതല്‍ ഒന്നരകോടി രൂപ വരെ നല്‍കിയാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്.
ഹോളിഡേ ഹെറിറ്റേജ്,ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്ങ്,കായലോരം അപ്പാര്‍ട്‌മെന്റ്, ആല്‍ഫ വേഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."