പിടിയിലായവര്‍ സ്ഥിരം കുറ്റവാളികളെന്ന് പൊലിസ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ അഞ്ച് മോഷ്ടാക്കള്‍ അറസ്റ്റില്‍
തിരൂര്‍: കവര്‍ച്ച ആസൂത്രണം നടത്തുന്നതിനിടെ അഞ്ചു മോഷ്ടാക്കളെ തിരൂര്‍ പൊലിസ് പിടികൂടി. നേരത്തെ പല കേസുകളിലായി ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
തിരൂര്‍ ബി.പി അങ്ങാടി കാവുങ്ങപറമ്പ് സമീര്‍, താനൂര്‍ നടക്കാവ് ചേരക്കോട് അഭിലാഷ് , വാക്കാട് ഈനിന്റെ പുരയ്ക്കല്‍ ഹംസബാവ, കൊല്ലം പോഴിക്കര കുതിരപന്തിയില്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പകഞ്ചേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ പൊലിസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ബ്രിഡ്ജിനു സമീപത്തുനിന്നാണ് പട്രോളിങ്ങിനിടെ മോഷ്ടാക്കളെ പിടികൂടിയതെന്നു തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു. ഒന്നിച്ചുചേര്‍ന്നു സാമ്പത്തിക ശേഷിയുള്ളവരുടെ വീടുകളില്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയതെന്നും പൊലിസ് വ്യക്തമാക്കി. പ്രതികളില്‍നിന്നു രണ്ടു കമ്പിപ്പാരയും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
മഴക്കാലമായതോടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വ്യാപക മോഷണത്തിനു സാധ്യതയുണ്ടെന്നും സ്ഥിരം കുറ്റവാളികളായ മോഷ്ടാക്കള്‍ സംഘം ചേരുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലിസ് രാത്രികാലങ്ങളില്‍ പട്രോളിങ് ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."