വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച കുരുന്നുകളുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
മഞ്ചേശ്വരം: വയലിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയ കുരുന്നുകള്‍ മുങ്ങിമരിച്ച സംഭവത്തില്‍ തേങ്ങുകയാണ് നാട്. ഉദ്യാവര്‍ ബി.എസ് നഗറിലെ പി.ടി മുഹമ്മദ്-സീനത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷരീഫ് (ഏഴ്), മഹമൂദ് ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുല്‍ അസ്‌ലം (എട്ട്), അഹമ്മദ് ബാവ എന്ന ഹസന്‍കുഞ്ഞി-സഫ്രീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഫ്രീദ് (11) എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മൂന്നു കുട്ടികളും അയല്‍വാസികളാണ്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് വീട്ടുകാര്‍ അറിയാതെ ഉദ്യാവറിലെ കൊണ്ടകുളക്കെ വയലിലെ വെള്ളക്കെട്ട് കാണാനും മീന്‍ പിടിക്കാനുമായി ഇവര്‍ പോയത്. സ്‌കൂള്‍ അവധിയായതിനാല്‍ സമീപത്തെവിടെയെങ്കിലും കുട്ടികള്‍ കളിക്കുകയായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. നോമ്പു തുറക്കുന്ന സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് അസ്‌ലമിന്റെ പിതാവ് മഹമൂദ് കടപ്പുറം ഭാഗത്തടക്കം തിരച്ചില്‍ നടത്തി. കുട്ടികള്‍ കുണ്ടകുളക്കെ വയല്‍ ഭാഗത്തേക്കു പോയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മഹമൂദും അസ്‌ലമിന്റെ സഹോദരന്‍ നിസാമുദ്ദീനും ബന്ധു അബ്ദുല്‍ഖാദറും നടത്തിയ പരിശോധനയിലാണ് അസ്‌ലമിന്റെയും ഷരീഫിന്റെയും മൃതദേഹങ്ങള്‍ തലകീഴായി ചെളിയില്‍ പൂണ്ട നിലയില്‍ കണ്ടെത്തിയത്.
അസ്‌ലമിന്റെയും ഷരീഫിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തു നിന്ന് 300 മീറ്റര്‍ അകലെയാണ് അഫ്രീദിന്റെ മൃതദേഹം കണ്ടത്. ഇവരുടെ പോക്കറ്റില്‍ നിന്ന് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു മീന്‍ പിടിച്ച് കൊണ്ടു പോകാനായി കരുതിയതാണെന്നാണു പൊലിസ് നിഗമനം.
മാട ഗവ. യു.പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ഷരീഫ്. മുനവ്വിറ, സലീം എന്നിവരാണ് സഹോദരങ്ങള്‍. ഇതേ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അസ്‌ലം. ഹാഷിം, നിസാമുദ്ദീന്‍, നിഷാന, അര്‍ഷാന, സുഹാന എന്നിവര്‍ സഹോദരങ്ങളാണ്. കുഞ്ചത്തൂര്‍ അല്‍ സഖാഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അഫ്രീദ്. അര്‍ഫാദ്, അസ്‌ക്കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൂവരുടേയും മൃതദേഹങ്ങള്‍ മംഗല്‍പാടി പി.എച്ച്.സിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ഇവരുടെ വീടിനു സമീപത്ത് പൊതുദര്‍ശത്തിനു വച്ച ശേഷം വൈകുന്നേരത്തോടെ ഉദ്യാവര്‍ ആയിരം ജുമാഅത്ത് പള്ളി അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."