സത്‌നാംസിങിന്റെ ദുരൂഹമരണത്തിനു നാലാണ്ട്
കൊല്ലം: അമൃതാനന്ദമയി മഠത്തില്‍നിന്നും പൊലിസ് പിടിച്ചുകൊണ്ടുപോയ നിയമ വിദ്യാര്‍ഥി ബീഹാര്‍ സ്വദേശി സത്‌നാംസിങ് തിരുവനന്തപുരം മാനസികരോഗ ആശുപത്രിയില്‍ കൊല്ലപ്പെട്ടിട്ട് ഇന്നു നാലു വര്‍ഷം തികയുന്നു. 2012 ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. ക്രൈംബ്രാഞ്ച് പേരിന് അന്വേഷണം ഏറ്റെടുത്തെങ്കിലും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ സംഘര്‍ഷമാണ് മരണത്തിന് കാരണമായതെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇതുവരെ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. അമൃതാന്ദമയിയുടെ ആശ്രമത്തില്‍ ആഗസ്റ്റ് ഒന്നിനായിരുന്നു ബിഹാര്‍ ഗയയിലെ ഗട്ടിയ മുഹല്ല ഷേര്‍ഗാട്ടി സ്വദേശിയും നിയമ വിദ്യാര്‍ഥിയുമായ സത്‌നാംസിങ്മാന്‍ എത്തുന്നത്.
ആരാധനയ്ക്കിടെ അമൃതാനന്ദമയിയുടെ അടുത്തേയ്ക്കു ഓടിയെത്തിയ യുവാവിനെ സുരക്ഷാ ഗാര്‍ഡുകള്‍ പിടികൂടി കരുനാഗപള്ളി പൊലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. 18 മണിക്കൂറുകള്‍ക്കുശേഷം പിറ്റേ ദിവസം രാത്രി ഏഴോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുന്നത്. തുടര്‍ന്നു രാത്രി 11 ഓടെ കൊല്ലം ജില്ലാ ആശുപത്രിയിലും അടുത്തദിവസം പുലര്‍ച്ചെയോടെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അമൃതാനന്ദമയി മഠത്തെ കേസിന്റെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം മാത്രം കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിയത്. ജയില്‍ വാര്‍ഡനും അറ്റന്‍ഡര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മറ്റ് ചില അന്തേവാസികളെയും പിടികൂടുകയും ചെയ്തു. മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്നപ്പോള്‍ത്തന്നെ അയാള്‍ അവശനായിരുന്നെന്ന് ദ്യക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
വൈകിട്ട് കഞ്ഞികുടിക്കാന്‍ വിളിച്ചപ്പോള്‍ കക്കൂസിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നെന്നാണ് ദ്യക്‌സാക്ഷികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
പിതാവ് സത്യഗ്രഹത്തിന്
കൊല്ലം: സത്‌നംസിങ് കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരീന്ദ്രകുമാര്‍ സിങ് ഇന്നു സെക്രട്ടറിയേറ്റു പടിക്കല്‍ സത്യഗ്രഹ സമരം നടത്തും. രാവിലെ 9 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് സത്യഗ്രഹം. ഉച്ചക്ക് രണ്ടിനു മുഖ്യമന്ത്രിയെക്കണ്ട് പുനരന്വേഷണം നടത്താനുള്ള അപേക്ഷയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."