ഫസല്‍ വധം: കുരുക്കഴിക്കാന്‍ സി.പി.എം നിയമ പോരാട്ടത്തിന്
തലശേരി: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ സൈദാര്‍പള്ളിയിലെ മുഹമ്മദ് ഫസല്‍ വധക്കേസില്‍ കുരുക്കിലായ നേതാക്കളെ പുറത്തിറക്കാന്‍ സി.പി.എം നിയമപോരാട്ടത്തിനൊരുങ്ങുന്നു.
ഇതിനായി ഫസലിനെ തങ്ങളാണ് കൊന്നതെന്നു പൊലിസിനു മൊഴി നല്‍കിയ ചെമ്പ്ര സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ മൊഴി ആയുധമാക്കും. സി.പി.എം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലില്‍ മോഹനന്റെ വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായപ്പോഴാണ് സുബീഷ് ഫസല്‍ വധവുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഇതു സി.ബി.ഐ തള്ളിയതോടെ മൊഴിയുടെ വീഡിയോ ടാപ്പ് കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ട് നിയമപരമായി നീങ്ങാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. ആകെ എട്ടുപ്രതികളെ ചേര്‍ത്താണ് സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫസല്‍ വധക്കേസില്‍ സംസ്ഥാന പൊലിസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് കോടതി നിര്‍ദേശപ്രകാരം തങ്ങള്‍ കേസ് ഏറ്റെടുത്തതെന്നും കേസില്‍ ഇടപെടാന്‍ സംസ്ഥാന പൊലിസിന് അധികാരമില്ലെന്നുമാണ് സി.ബി.ഐയുടെ വാദം. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതിനെ സിബി.ഐ ശക്തമായി എതിര്‍ത്തിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാ
ര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കൂടുതല്‍ പേരെ എന്‍.ഡി.എഫിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്തതിലെ വൈരാഗ്യത്തിലാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലുണ്ട്. സി.ബി.ഐ ഡയറക്ടര്‍ക്ക് ഡി.ജി.പി അയച്ചുകൊടുത്ത സുബീഷിന്റെ മൊഴിയിലെ ദൃശ്യങ്ങളിലെ പൊരുത്തക്കേടുകളും സുബീഷ് ആര്‍.എസ്.എസ് നേതാവുമായി നടത്തിയ സംഭാഷണം എന്ന നിലയില്‍ പുറത്തുവിട്ട ശബ്ദരേഖയും പൊലിസിനു നല്‍കിയെന്ന കുറ്റസമ്മതമൊഴിയുമെല്ലാം ഏറെ വൈരുധ്യം നിലനില്‍ക്കുന്നതാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഫസല്‍ വധക്കേസില്‍ കാരായിമാരെ രക്ഷപ്പെടുത്താന്‍ സി.പി.എമ്മിന് കടുത്ത നിയമയുദ്ധം തന്നെ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."