യു.എസ് ഓപ്പണ്‍ നദാലിന് തന്നെ
ഫ്ളഷിങ് മെഡോസ് (ന്യൂയോര്‍ക്ക്): വനിതാ സിംഗിള്‍സിലെ അട്ടിമറി യു.എസ് ഓപ്പണ്‍ പുരുഷ ഫൈനലില്‍ ആവര്‍ത്തിച്ചില്ല. കാരണം അപ്പുറത്തുള്ളത് ക്വാര്‍ട്ടറിലെ എതിരാളി സിംഹമെന്ന് വിശേഷിപ്പിച്ച റാഫേല്‍ നദാലായിരുന്നു. അഞ്ചു സെറ്റ് നീണ്ട ത്രില്ലര്‍ മത്സരത്തില്‍ റഷ്യയുടെ ഡാനിയല്‍ മെദ്വേദേവിനെ അടിയറ പറയിച്ചാണ് മുന്‍ ലോകചാംപ്യന് റാഫേല്‍ നദാല്‍ തന്റെ 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടം നേടിയത്. (സ്കോര്‍: 7-5, 6-3, 5-7, 4-6, 6-4).
ഇതോടെ നാലാമത്തെ യു.എസ് ഓപ്പണ്‍ കിരീടമാണ് ലോക രണ്ടാം നമ്പര്‍ താരമായ നദാല്‍ സ്വന്തമാക്കിയത്. നിലവില്‍ 20 ഗ്രാന്‍ഡ്സ്ലാമുമായി പുരുഷ വിഭാഗത്തില്‍ മുന്നിലുള്ള റോജര്‍ ഫെഡററുടെ തൊട്ടു താഴെയെത്തി നദാല്‍.
നാലു മണിക്കൂറും 45 മിനുട്ടും നീണ്ട മത്സരത്തില്‍ റഷ്യന്‍ അട്ടിമറി വീരന് നദാലിന് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. മെദ്വേദേവ് നിലവില്‍ ലോക അഞ്ചാം നമ്പര്‍ താരമാണ്. ആദ്യ രണ്ടു സെറ്റും നദാല്‍ നേടിയെങ്കിലും മൂന്നാം സെറ്റ് മെദ്വേദേവ് തിരിച്ചുപിടിച്ചു. നാലാം സെറ്റും താരം വിട്ടുകൊടുത്തില്ല. എന്നാല്‍ അഞ്ചാം സെറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി നദാല്‍ കപ്പ് പിടിച്ചുവാങ്ങുകയായിരുന്നു.
23കാരനായ റഷ്യന്‍ താരം ഒരുമാസം മുന്‍പ് നടന്ന റോഗേഴ്സ് കപ്പ് ഫൈനലില്‍ നദാലിനെതിരേ മൂന്നു സെറ്റ് ജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."