മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിനെ ചൊല്ലി ആശങ്കയില്ല: പി.ബി അബ്ദുറസാഖ്
കാസര്‍കോട്: ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് നല്കിയ തെരഞ്ഞെടുപ്പ് കേസിനെ ചൊല്ലി തനിക്കോ മുസ്ലിംലീഗിനോ ആശങ്കയില്ലെന്ന് മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ്.
ദൈവം സഹായിച്ച് താന്‍ മഞ്ചേശ്വരം എം.എല്‍.എയായി തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 291 പേര് കള്ളവോട്ട് നടത്തിയെന്നാണ് കെ സുരേന്ദ്രന് ആദ്യം കോടതിയില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ ലിസ്റ്റില്‍ 30 പേര് വോട്ട് ചെയ്യാത്തവരാണെന്ന് പിന്നീട് വ്യക്തമായി. ബാക്കിയുള്ളവരില്‍ 88 പേര് ഡബിള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇത് നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയുമെങ്കിലും അതിനു ശ്രമിക്കാതെ വിദേശത്തുള്ളവരുടെ കണക്ക് തേടിയാണ് സുരേന്ദ്രന് പോകുന്നത്.
197 പേരാണ് ഗള്‍ഫിലുള്ള വോട്ടര്‍മാരെന്ന് പറയുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അരിച്ചുപെറുക്കിയതില്‍ 20 പേര് കള്ളവോട്ട് ചെയ്തുവെന്നാണ് വ്യക്തമായത്.
മരിച്ച ആറുപേര്‍ വോട്ട് ചെയ്തതായി സുരേന്ദ്രന്റെ പരാതിയിലുണ്ട്. ഇതില്‍ നാലുപേര്‍ ജീവിച്ചിരിപ്പുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തിട്ടില്ല. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ വിധി അനുകൂലമാവുമെന്ന് തന്നെയാണ് വിശ്വാസം.
താന്‍ രാജിവച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലിംലീഗ് നേതൃത്വം തന്ത്രം മെനയുന്നുവെന്നത് കള്ളപ്രചാരണമാണ്. ഇത്തരം പ്രചാരണം കൊണ്ടൊന്നും കോടതി വിധിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."