പ്രവര്‍ത്തന സജ്ജമായി മെഡിക്കല്‍ കോളജിലെ പനി വാര്‍ഡ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ പുതുതായി ആരംഭിച്ച പനി വാര്‍ഡ് പ്രവര്‍ത്തനസജ്ജമായി. വാര്‍ഡ് 22ല്‍ പ്രത്യേക സജ്ജീകരണമൊരുക്കിയാണ് പനി വാര്‍ഡാക്കി മാറ്റിയത്. ഏതാണ്ട് നാല്‍പതോളം പനി ബാധിതരേയാണ് ഇവിടെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഓരോ കിടക്കകളും മരുന്ന് ആലേപനം ചെയ്ത കൊതുകു വലകളുപയോഗിച്ചാണ് സംരക്ഷിക്കുന്നത്. കൊതുകുകളെ തുരത്താനായി ഫോഗിങ് ഉള്‍പ്പെടെയുള്ള മറ്റ് മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്.
ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ച്ചപ്പനി പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളുമുണ്ട്. ഗുരുതരമായി പനി ബാധിച്ചവരെ ചികിത്സിക്കാനായി ഫീവര്‍ ഐ.സി.യു.വും പ്രവര്‍ത്തിക്കുന്നു. പനിബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം പ്രകാരമാണ് പനി ക്ലിനിക്കും പനിവാര്‍ഡും തുടങ്ങിയത്. വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു കൂട്ടി അവശ്യം വേണ്ട ശുചീകരണ, ലാബ്, ഫാര്‍മസി ജീവനക്കാരെ വിന്യസിച്ചാണ് പനിക്കായി പ്രത്യേക വാര്‍ഡ് തുറന്നത്.
കാലാവസ്ഥാ വ്യതിയാനവും മഴക്കാല രോഗങ്ങളുടെ മൂര്‍ധന്യാവസ്ഥയും കാരണം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. മഴക്കാല രോഗങ്ങളെ മുന്നില്‍ കണ്ട് പരിസര ശുചീകരണത്തിന് പ്രധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളജില്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുറയ്ക്ക് നടത്തുന്നുണ്ടെങ്കിലും രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ബാഹുല്യവും അശ്രദ്ധയും കാരണം പരിസരം ഇടയ്ക്ക് മലിനമാകാറുണ്ട്. തുടക്ക സമയത്ത് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രോഗം പകരുന്നതായി കാണുകയും അത് തടയുന്നതിനാവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്തു.
സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷനുമായി ചേര്‍ന്ന് മൂട്ട, എലി, കൊതുക് എന്നിവയെ നശിപ്പിക്കാനുള്ള, മനുഷ്യന് ദോഷമില്ലാത്ത ജൈവിക മാര്‍ഗങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും കോളജ് സൂപ്രണ്ട് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."