ആറെണ്ണം മാത്രം; റെക്കോര്‍ഡുകള്‍ക്ക് വരള്‍ച്ച
തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ക്ക് വരള്‍ച്ച സംഭവിച്ച ചാംപ്യന്‍ഷിപ്പില്‍ ആകെ പിറന്നത് ആറെണ്ണം മാത്രം. കഴിഞ്ഞ പാല മീറ്റില്‍ 10 റെക്കോര്‍ഡുകള്‍ പിറന്നിരുന്നു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ചെങ്കിസ് ഖാനും സീനിയര്‍ പെണ്‍ ഹൈജംപില്‍ പാലക്കാട് കല്ലടി കുമരംപുത്തൂരിന്റെ എം. ജിഷ്ണയും പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ കുറിച്ചു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ എറണാകുളം തേവര എസ്.എച്ച് സ്‌കൂളിലെ എ.എസ് സാന്ദ്ര, ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ സി.എ മുഹമ്മദ് ബാസിം, സ്പ്രിന്റ് റിലേയില്‍ തിരുവനന്തപുരം ടീം, സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കോതമംഗലം എം.എ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സാന്ദ്ര ബാബു എന്നിവരാണ് റെക്കോര്‍ഡ് കുറിച്ചത്. ഹൈജംപില്‍ 1.69 മീറ്ററിലുള്ള ദേശീയ റെക്കോര്‍ഡ് പ്രകടനം 1.73 മീറ്റര്‍ ചാടിയാണ് ജിഷ്ണ മറികടന്നത്. 2015 കോഴിക്കോട് ദേശീയ മേളയില്‍ വന്‍ഷിക സെജ്‌വാളിന്റെ നേട്ടമാണ് ഇതോടെ പഴങ്കഥയായത്. 2008 ല്‍ സ്റ്റെനി മൈക്കിള്‍ സ്ഥാപിച്ച 1.70 മീറ്ററെന്ന സംസ്ഥാന മീറ്റ് റെക്കോര്‍ഡും ജിഷ്ണ തിരുത്തിക്കുറിച്ചു.
2007ല്‍ ലിജോമാണി സ്ഥാപിച്ച 1:26:86 സെക്കന്‍ഡ് സമയമാണ് സെന്റ് ജോര്‍ജിന്റെ മണിപ്പൂരി താരം ചെങ്കിസ് ഖാന്‍ 600 മീറ്ററില്‍ 1:25:06 സെക്കന്‍ഡില്‍ മറികടന്നത്.
സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ അഖില്‍കുമാറും ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. ട്രിപ്പിള്‍ ജംപില്‍ 15.24 മീറ്ററാണ് അഖില്‍കുമാര്‍ ചാടിയത്. 15.09 മീറ്ററായിരുന്നു ദേശീയ റെക്കോര്‍ഡ്. എന്നാല്‍ 2014 ല്‍ അബ്ദുല്ല അബൂബക്കര്‍ സ്ഥാപിച്ച 15.28 മീറ്റര്‍ മീറ്റ് റെക്കോര്‍ഡിന് ഇതുവരെ ഇളക്കം തട്ടിയില്ല.
സ്‌പോര്‍ട്‌സ് ജേണോസ് പുരസ്‌കാരം
അബ്ദുല്‍ റസാഖിനും എ.എസ് സാന്ദ്രക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച ഭാവി താരങ്ങള്‍ക്ക് കായിക റിപ്പോര്‍ട്ടര്‍മാരുടെ കൂട്ടായ്മയായ സ്‌പോര്‍ട്‌സ് ജേണോസ് കേരള ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങള്‍ക്ക് പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ സി.ആര്‍ അബ്ദുല്‍ റസാഖും എറണാകുളം തേവര എച്ച്.എസ് സ്‌കൂളിലെ മേഴ്‌സികുട്ടന്‍ അക്കാദമി താരം എ.എസ് സാന്ദ്രയും അര്‍ഹരായി.
400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ അബ്ദുല്‍ റസാഖ് നൂറ് മീറ്ററില്‍ വെള്ളി നേടി ജൂനിയര്‍ ആണ്‍വിഭാഗത്തിലെ വ്യക്തിഗത ചാംപ്യനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്പ്രിന്റ് ഡബിളും 400 മീറ്ററിലും സ്വര്‍ണം നേടിയ എ.എസ് സാന്ദ്ര 15 പോയിന്റുമായി ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യന്‍ പട്ടം നേടിയിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി ഉഷ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. വിജയികള്‍ക്ക് ഈ മേളയില്‍ ട്രോഫികളും മെഡലുകളും നല്‍കാതിരിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളുടെ ഉദ്യമം മാതൃകാപരമാണെന്ന് പി.ടി ഉഷ പറഞ്ഞു. കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയും പരിശീലകനുമായ പ്രൊഫ. പി.ഐ ബാബു, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും കോച്ചുമായ മേഴ്‌സികുട്ടന്‍, മാത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ കായിക അധ്യാപകന്‍ കെ. സുരേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."