മുസ്‌ലിം ലീഗ് പൗരാവകാശ സംരക്ഷണറാലി ഒക്ടോബര്‍ രണ്ടിന് കോഴിക്കോട്ട്
കോഴിക്കോട്: 'മുസ്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനപ്രകാരം നടക്കുന്ന ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ' കാംപയിനിന്റെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ രണ്ടിന് വൈകിട്ട് മൂന്നിന് കോഴിക്കോട്ട് പൗരാവകാശ സംരക്ഷണ റാലി സംഘടിപ്പിക്കും.
അസം പൗരത്വ പ്രശ്‌നം, കശ്മിരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ കേന്ദ്ര ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത നടപടികള്‍ക്കെതിരായ പ്രക്ഷോഭം എന്ന നിലയിലാണ് മുസ്‌ലിംലീഗ് പൗരാവകാശ സംരക്ഷണ റാലി.
മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങളും സംബന്ധിക്കും.
നേരത്തെ നടന്ന സംസ്ഥാന ഭാരവാഹികളുടെയും എം.പി, എം.എല്‍.എമാരുടെയും യോഗത്തിലെ തീരുമാനപ്രകാരം കോഴിക്കോട് ലീഗ് ഹൗസില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പോഷക ഘടകങ്ങളുടെയും സര്‍വിസ് സംഘടനകളുടെയും പ്രസിഡന്റ് സെക്രട്ടറിമാരുടെ പ്രത്യേക യോഗമാണ് പരിപാടിക്ക് രൂപം നല്‍കിയത്.
കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. മലബാര്‍ ജില്ലകളിലെ ഓരോ വാര്‍ഡുകളില്‍നിന്നും പ്രത്യേകം വാഹനം സംഘടിപ്പിച്ച് കോഴിക്കോട്ടേക്ക് പ്രവര്‍ത്തകര്‍ എത്തിച്ചേരേണ്ടതാണ്.
അര ലക്ഷം പേരാണ് പൗരാവകാശ സംരക്ഷണ റാലിയില്‍ പങ്കെടുക്കുക. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തുകയും മുത്വലാഖ് ബില്‍ പോലുള്ള അനാവശ്യ നിയമ നിര്‍മാണങ്ങളിലൂടെ മുസ്‌ലിം സമൂഹത്തെ ഭീതിയിലാഴ്ത്തിയും മുന്നോട്ടു പോകുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് താക്കീതായി മുസ്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി വ്യത്യസ്ത പ്രക്ഷോഭ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായാണ് കോഴിക്കോട്ട് റാലി നടത്താന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തും സമാന പരിപാടികള്‍ സംഘടിപ്പിക്കും.
റാലിയുടെ പ്രചാരണ പരിപാടികള്‍ക്ക് മുഴുവന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."