തേന്‍ ഇവര്‍ക്ക് മധുരിക്കില്ല
ഇ.പി മുഹമ്മദ്
കോഴിക്കോട്: തേനിലെ ജലാംശത്തിന്റെ തോത് 20 ശതമാനത്തില്‍ കുറവായിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തേനീച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നൂറു കണക്കിനു കര്‍ഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. നിശ്ചിത അളവില്‍ കൂടുതല്‍ ജലാംശം കണ്ടതിനെ തുടര്‍ന്ന് ഈയിടെ തേനീച്ച കര്‍ഷകനെതിരേ അഞ്ചു ലക്ഷം രൂപ പിഴയിട്ടതോടെ കര്‍ഷകര്‍ തേനീച്ച കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. ഇരുപതു ശതമാനത്തിനുമുകളില്‍ ജലാംശം തേനില്‍ കലര്‍ന്നാല്‍ കേടാവുമെന്നതിനാലാണ് നിയമം കര്‍ശനമാക്കിയത്. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയും ആരംഭിച്ചു.
പുതിയ നിയമപ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സീല്‍ പതിച്ച സ്റ്റിക്കറുള്ള കുപ്പികളില്‍ മാത്രമേ തേന്‍ വില്‍ക്കാന്‍ പാടുള്ളൂ. വില്‍ക്കുന്ന സ്ഥാപനത്തിന്റെ പേര് ഇതില്‍ രേഖപ്പെടുത്തിയിരിക്കണം. ഈ കുപ്പികളാണ് കടകളില്‍നിന്ന് പരിശോധനയ്ക്ക് എടുക്കുന്നത്. കഴിഞ്ഞമാസം ഇടുക്കിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു കര്‍ഷകന്‍ വിറ്റ തേനില്‍ 21.35 ശതമാനം ജലാംശം കണ്ടെത്തിയിരുന്നു. ഈ കര്‍ഷകന് അഞ്ചുലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് നോട്ടിസും നല്‍കി. ഈ സംഭവത്തോടെയാണ് തേനീച്ച കര്‍ഷകര്‍ ഭീതിയിലായത്. കനത്ത മഴയിലും പ്രളയത്തിലും തേനീച്ച കൃഷി നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നടപടി ഇരുട്ടടിയായിരിക്കുകയാണ്.
സംസ്ഥാനത്തെ കാലാവസ്ഥ കാരണം തേനില്‍ ജലാംശം കൂടുതലാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഏഴുമാസം മഴയും ബാക്കി വെയിലുമായതിനാല്‍ ഇവിടെ 25 ശതമാനം വരെ തേനില്‍ ജലാംശം ഉണ്ടാവാറുണ്ട്. തേന്‍നിറച്ച കുപ്പി വെള്ളത്തില്‍ ഇറക്കി വെള്ളം തിളപ്പിച്ചാണ് ജലാംശത്തിന്റെ അളവ് കുറയ്ക്കുന്നത്. തിളപ്പിക്കുന്നതോടെ ഇത് 21 ശതമാനം വരെ എത്തുമെന്ന് കര്‍ഷകര്‍ പറയുന്നു.
തേനില്‍ 20 ശതമാനത്തില്‍ താഴെ ജലാംശമാക്കാന്‍ വില കൂടിയ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കേണ്ടിവരും. വലിയ തുക നല്‍കി ഇത്തരം ഉപകരണങ്ങള്‍ വാങ്ങാനുള്ള ശേഷിയില്ലാത്തവരാണ് തേനീച്ച കര്‍ഷകരിലധികവും. അതിനാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടര്‍ന്നാല്‍ ഈ രംഗം വിടേണ്ടിവരുമെന്ന ഭീതിയിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."