മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു
കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെത്തിയ രാജപക്‌സെ അധികാരമേറ്റെടുത്തതായി ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്.എല്‍.പി.പി) അറിയിച്ചു. മന്ത്രിസഭയിലെ അംഗങ്ങള്‍ ഉടന്‍ ചുമതലയേല്‍ക്കും. ധനകാര്യം, നീതിന്യായം, വിദേശം, ആഭ്യന്തരം എന്നീ വകുപ്പുകളിലെ മന്ത്രിമാരാണ് ചുമതലയേല്‍ക്കുകയെന്ന് എസ്.എല്‍.പി.പി വക്താവ് അറിയിച്ചു.
അതേസമയം ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വസതിയായ ടെമ്പിള്‍ ട്രീസ് ഒഴിയാന്‍ റെനില്‍ വിക്രമസിംഗെ ഇതുവരെ തയാറായിട്ടില്ല. വിക്രമസിംഗെക്കാണ് ഭൂരിപക്ഷ പിന്തുണയുള്ളതെന്നും അതിനാല്‍ അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയെന്നും ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയെ പുറത്താക്കിയ നടപടി പ്രസിഡന്റ് പിന്‍വലിക്കണം. പാര്‍ലമെന്റിലൂടെയാണ് ഈ പ്രതിസന്ധി പരിഹരിക്കേണ്ടത്. തെരുവിലേക്ക് ഈ പ്രശ്‌നം നീങ്ങുകയാണെങ്കില്‍ വലിയ തോതിലുള്ള രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിക്രമസിംഗെയെ മാറ്റി മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയുള്ള ഉത്തരവ് പ്രസിഡന്റ് മൈത്രപാലെ സിരിസേന വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. എന്നാല്‍ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും പ്രധാനമന്ത്രിയെ പുറത്താക്കുന്ന പ്രസിഡന്റിന്റെ നടപടി ചോദ്യം ചെയ്യപ്പെട്ടിരുന്നു. കൂടാതെ പാര്‍ലമെന്റിനെ നവംബര്‍ 16 വരെ മരിവിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയിരുന്നു.
അതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയുടെ നടപടിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദമുയര്‍ന്നിട്ടുണ്ട്. ജനാധിപത്യത്തെയും ഭരണഘടനയെയും ബഹുമാനിക്കണമെന്ന് സര്‍ക്കാരിനോട് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ പൗരന്മാരുടെ സുരക്ഷയും നീതിന്യായ സംവിധാനവും സംരക്ഷിക്കപ്പെടണമെന്ന് സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ദുറാജിക് വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയപ്രതിസന്ധികള്‍ സമാധാനപരമായി പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഉടന്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണമെന്ന് സിരിസേനയോട് യു.എസ് ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരെ ഭരണം നടത്താന്‍ അനുവദിക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."