മഅ്ദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: വിചാരണ തടവില്‍ നിന്ന് കടുത്ത വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച് ബംഗളൂരുവില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. രോഗിയായ മാതാവിനെ കാണാന്‍ കോടതിയോട് അനുമതി തേടുമ്പോള്‍ അതിനെ സാങ്കേതിക കുരുക്കിലാക്കുന്ന രീതി ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ചേര്‍ന്നതല്ല. അദ്ദേഹം കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നുവെങ്കില് നിയമപരമായ നടപടി സ്വീകരിക്കാം. എന്നാല്‍ നിരന്തരം പൗരാവകാശങ്ങള്‍ ലംഘിക്കുന്ന അവസ്ഥ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ് നഷ്ടപ്പെടുത്തുന്നതാണ്.
ഇത്തരം പ്രവണതകള്‍ ഒരു ജനാധിപത്യ രാജ്യത്ത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഛിദ്ര ശക്തികള്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുമെന്ന് നാം ഭയപ്പെടണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നീതിപൂര്‍വം ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ,കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."