അപകട സാധ്യതയുള്ള ഓടകളെല്ലാം സ്ലാബിട്ട് മൂടണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: നഗരത്തിലെ അപകട സാധ്യതയുള്ള ഓടകളെല്ലാം സ്ലാബിട്ട് മൂടാന്‍ നഗരസഭ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സ്ലാബിടുന്നതിന് കാലതാമസം വന്നാല്‍ ഉദ്യോഗസ്ഥര്‍ സ്വന്തം കയ്യില്‍ നിന്ന് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. മാങ്കാവ് മിംസ് ആശുപത്രിക്കു സമീപം ജനസാന്ദ്രതയേറിയ സ്ഥലത്ത് ഓടയില്‍ കാര്‍ വീണ് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച പരാതിയില്‍ ഓടകള്‍ സ്ലാബിട്ട് മൂടണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രസ്തുത ഉത്തരവ് നടപ്പാക്കിയില്ല. കോഴിക്കോട് സ്വദേശി എ.സി ഫ്രാന്‍സിസ് നല്‍കിയ പുതിയ പരാതിയില്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്നും പൊതുമരാമത്തില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നഗരസഭയിലെ പ്രധാന റോഡുകളില്‍ സ്ലാബിടുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഒരു വാര്‍ഡില്‍ ഒരു കോടി ചെലവ് വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും ഭീമമായ തുക നഗരസഭയില്‍ നിന്നും മുടക്കാന്‍ പരിമിതിയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. മിംസ് ആശുപത്രിക്ക് സമീപമുള്ള അപകടസാധ്യതയുള്ള ഓടകള്‍ സ്ലാബിടുന്നതിന് വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പയുന്നു. നഗരത്തിലെ എല്ലാ ഓടകളും സ്ലാബിട്ട് മൂടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് 2017 നവംബര്‍ 20 ന് കമ്മിഷന്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച വിശദീകരണം എക്‌സിക്യൂട്ടീവ് ഓഫിസറുടെ റിപ്പോര്‍ട്ടിലില്ലെന്ന് ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതേ ആവശ്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതും നഗരസഭ നടപ്പാക്കിയിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."