മൂവാറ്റുപുഴയില്‍ കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി
മൂവാറ്റുപുഴ: എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി. കീച്ചേരിപ്പടി നിരപ്പ് റോഡില്‍ നിന്നും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെയാണ് എക്സൈസ് സംഘം പിടികൂടിയത്.
പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലക്കാരനായ കബാത്തുളള ഷേഖ്(36) പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 120 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മുവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് വില്പനക്കാരനെ പിടികൂടാനായത്. മുവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് സഹിതം വില്പനക്കാരന് പിടിയിലായത്. പ്രതിയെ മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി.
മുവാറ്റുപുഴ കീച്ചേരിപ്പടി, കാവുംകര, മാര്‍ക്കറ്റ് പരിസരം, എന്നിവിടങ്ങളില്‍ നിന്നായി മുവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഓഫിസില്‍ എടുക്കുന്ന എട്ടാമത്തെ കേസാണ്. പ്രതി നാട്ടില്‍ പോയിവരുമ്പോള്‍ കടത്തി കൊണ്ട് വരുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി 500, 1000 രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് വില്പന നടത്തി വരികയായിരുന്നു. ഇയാള്‍ കൊണ്ടുവന്ന കഞ്ചാവില്വില്പന കഴിഞ്ഞ് ബാക്കി ഉണ്ടായിരുന്നവയാണ് ഇപ്പോള്‍ പിടികൂടിയത്.
മുവാറ്റുപുഴ ടൗണിലെ പാന്‍ കടകളും മുറുക്കാന്‍ കടകളും കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. റെയ്ഡില്‍ അഞ്ച് കിലോ നിരോധിത പുകയില ഉല്പന്നങ്ങള് എക്സൈസ് പിടിച്ചെടുത്തു. കൂടാതെ പൊതു സ്ഥലത്ത് പരസ്യമായി പുകവലിച്ചവരെയും പിടികൂടി കേസെടുത്തി പിഴ അടപ്പിച്ചു.
റെയ്ഡില്‍ പ്രീവന്റിവ് ഓഫിസര്‍മാരായ വി.എ ജബ്ബാര്‍, ഇ.കെ ഹരി, സി.ഇ.ഒമാരായ എ.എം. കൃഷ്ണകുമാര്‍, മനു ജോര്‍ജ്, ജിജി .എന്‍. ജോസഫ്, എന്നിവര്‍ പങ്കെടുത്തു. സ്കൂളുകളും, കോളേജുകളും തുറന്ന സാഹചര്യത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയുളള പരി ശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്പ്പെടുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ പൊതുജനങ്ങള്‍ 04852832623,9400069564 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."