റോഡ് അപകടം: 24 മണിക്കൂറും എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
കുന്നുംകൈ: റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഗതാഗതവകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നിലവിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റുകള്‍ക്കുപുറമെ പുതിയതായി 53 എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റുകള്‍ ആരംഭിക്കും. ഇതിനായി പുതിയ യൂനിറ്റിന്റെ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കില്‍ അനുവദിച്ച സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സേഫ്റ്റി നിയമം കാര്യക്ഷമമാക്കും. എല്ലാസ്ഥലങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. നിയമം തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇരട്ടിയാക്കുമെന്നും 2020നകം റോഡപകടം അന്‍പതു ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രീതിയിലുള്ള പരിശീലനം ലഭിക്കാത്ത ഡ്രൈവര്‍മാരും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
പഴയരീതിയിലുള്ള ഡ്രൈവിങ് പരിശീലനവും ടെസ്റ്റും ഇനി അനുവദിക്കില്ല. ആധുനിക രീതിയിലുള്ള യന്ത്രസംവിധാനം ഉപയോഗിച്ചാകും ഇനി ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നാല് ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു. നാലു സെന്ററുകള്‍ ഉടന്‍ ആരംഭിക്കും. പരപ്പയില്‍ തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
അപേക്ഷകള്‍ ഇന്നുമുതല്‍ സ്വീകരിക്കുകയും ടെസ്റ്റ് ഗ്രൗണ്ട് നവംബര്‍മൂന്നു മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."