ഹിന്ദിക്കുവേണ്ടി അമിത്ഷാ: പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യം
ന്യൂഡല്‍ഹി: ഇന്ത്യയെന്ന മഹാരാജ്യത്തെ അടയാളപ്പെടുത്തുന്നതിനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന അഭിപ്രായവുമായി രംഗത്തുവന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരേ പ്രതിഷേധവും ശക്തമായി. 'ഒരു രാജ്യം ഒരു ഭാഷ'എന്ന ആശയത്തിനായി ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടിറങ്ങണമെന്ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായാണ് അമിത്ഷായുടെ പ്രസ്താവന.
ഇതിനെതിരേ രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തെത്തി. ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പിന്‍വലിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചോദിച്ചു. അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്‌കാരവൈവിധ്യത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നെതന്ന് സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുകയാണ് ഇതിലൂടെയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ദിനാചരണത്തിന് ആശംസകള്‍ അര്‍പ്പിച്ച്ക്കൊണ്ടുള്ള ട്വീറ്റിലൂടെ മമത ബാനര്‍ജിയും ഷായുടെ വാദത്തെ തള്ളി. എല്ലാ ഭാഷകളേയും സംസ്‌കാരങ്ങളേയും നാം തുല്യമായി ബഹുമാനിക്കണം. നമ്മള്‍ ഒരുപാട് ഭാഷകള്‍ പഠിച്ചേക്കാം. എന്നിരുന്നാലും മാതൃഭാഷ മറക്കരുതെന്നും മമത ട്വീറ്റില്‍ പറഞ്ഞു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ചോദിച്ചു.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം ദക്ഷിണേന്ത്യയില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് അമിത്ഷാ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇതിനെതിരേയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."