മൗലിദുകള്‍ നവോത്ഥാനത്തിന്റെ അടിത്തറ: ജംഇയ്യത്തുല്‍ ഖുത്വബാ
കോഴിക്കോട്: മാല, മൗലിദുകള്‍ സമൂഹത്തില്‍ സൃഷ്ടിച്ചത് നവോത്ഥാനത്തിന്റെ അടിത്തറയും ശിര്‍ക്കിനെതിരേയുള്ള പ്രതിരോധവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രഭാഷണ ശില്‍പശാല അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. പ്രവാചക പ്രകീര്‍ത്തനങ്ങളും മഹത് ചരിത ആലാപനവും സമൂഹത്തിന് ആത്മധൈര്യം പകര്‍ന്നിരുന്നു. സാഹിത്യത്തിലൂടെയും ആത്മചൈതന്യത്തിലൂടെയും ഒരു ജനതയെ ഉയര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥമായ മുഹ്‌യിദ്ദീന്‍ മാല, എഴുത്തച്ഛന്‍ ആധ്യാത്മ രാമായണം എഴുതാനിരിക്കുമ്പോള്‍ തന്നെ രചന പൂര്‍ത്തീകരിച്ചിരുന്നു. അതു വഴി ശിര്‍ക്കിലേക്ക് വഴി മാറാവുന്ന സമുദായത്തെ തൗഹീദില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് മാലപ്പാട്ടുകള്‍ ചെയ്തത് -പ്രമേയം പറയുന്നു.
മൗലിദ് ചൈതന്യം എന്ന പ്രമേയത്തില്‍ ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാനതലം തൊട്ട് മഹല്ലുതലം വരെ നടത്തുന്ന കാംപയിനോടനുബന്ധിച്ചാണ് പ്രഭാഷണ ശില്‍പശാല നടന്നത്. സമസ്ത മുശാവറ അംഗം ഹസന്‍ ഫൈസി പെരുമ്പാവൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചുഴലിമുഹയിദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.പി മുസ്തഫല്‍ ഫൈസി ( വിമര്‍ശനം അതിജയിച്ച് മാലപ്പാട്ടുകള്‍), ഹൈദര്‍ ഫൈസി പനങ്ങാങ്ങര (മൗലിദിന്റെ പൗരാണികത), അബ്ദുല്‍ ഗഫൂര്‍ അന്‍വരി (മൗലിദിന്റെ പ്രാമാണികത) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ടി.വി.സി അബ്ദുസ്സമദ് ഫൈസി, മുജീബ് ഫൈസി വയനാട്, സ്വാലിഹ് അന്‍വരി ചേകനൂര്‍, ഷാജഹാന്‍ കാശിഫി കൊല്ലം, സിറാജുദ്ദീന്‍ ദാരിമി കക്കാട്, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, ശരീഫ് ദാരിമി കോട്ടയം, എ.കെ.ആലിപ്പറമ്പ് ഡിബേറ്റിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."