ഈ വര്‍ഷത്തെ ഉംറ സീസണ്‍ ശവ്വാല്‍ 15 വരെ നീട്ടി മന്ത്രാലയത്തിന്റെ ഉത്തരവ്
ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ ശവ്വാല്‍ 15 വരെയാക്കി ഹജ്ജ്- ഉംറ കാര്യമന്ത്രാലയത്തിന്റെ ഉത്തരവ്. നേരത്തെ നിശ്ചയിച്ചത് പ്രകാരം റമദാന്‍ 15ന് തീരുമായിരുന്ന കാലാവധിയാണ് ഒരു മാസം കൂടി മന്ത്രാലയം വര്‍ധിച്ചത്. ഇക്കാര്യം വ്യക്തമാക്കി മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അംഗീകൃത ഉംറ സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കത്ത് അയച്ചു.
ഉംറ സീസണ്‍ ദീര്‍ഘിപ്പിക്കുന്നത് വിഷന്‍ 2030ന്റെ ഭാഗമായ ദേശീയ പരിവര്‍ത്തന പദ്ധതി 2020 വിഭാവന ചെയ്യുന്നുണ്ട്. മക്ക, മദീന നഗരികളുടെ സമഗ്ര വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ രൂപീകൃതമായ കമ്മിറ്റിയും ഉംറ സീസണ്‍ കാലയളവ് വര്‍ധിപ്പിക്കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു.
ഈ വര്‍ഷം ഉംറ സീസണ്‍ ശവ്വാല്‍ 15 വരെ ദീര്‍ഘിപ്പിക്കാന്‍ ഹജ്, ഉംറ കാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജി. അബ്ദുല്‍ അസീസ് ബിന്‍ അസ്അദ് ദമന്‍ഹൂരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് ലക്ഷം ഉംറ വിസ ഈ സീസണില്‍ അധികം അനുവദിച്ചിട്ടുണ്ട്. കാലാവധി നീട്ടിയതോടെ വിദേശ തീര്‍ഥാടകരുടെ എണ്ണം 70 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. പാക്കിസ്ഥാന്‍ (12,58,000), ഈജിപ്ത് (8,33,000) ഇന്തോനേഷ്യ (5,440,000) എന്നീ രാഷ്ട്രങ്ങളില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകര്‍ ഈ വര്‍ഷമെത്തിയത്.
വിശുദ്ധ റമദാനില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമ്പത് ലക്ഷം തീര്‍ഥാടകര്‍ എത്തുമെന്നാണ് വിലയിരുത്തല്‍. റമദാനില്‍ പ്രതിദിനം 40,000 തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തുകയും 14,500 പേര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നുമുണ്ട്. 90 ശതമാനം തീര്‍ഥാടകരും വിമാന മാര്‍ഗമാണ് എത്തുന്നത്. ഒമ്പത് ശതമാനം കരാതിര്‍ത്തി വഴിയും ഒരു ശതമാനം കപ്പല്‍ മാര്‍ഗവും എത്തിയിട്ടുണ്ട്. വിമാന മാര്‍ഗം എത്തിയ തീര്‍ഥാടകരില്‍ 70 ശതമാനം ജിദ്ദ വഴിയും 28 ശതമാനം മദീന എയര്‍പോര്‍ട്ട് വഴിയും രണ്ട് ശതമാനം യാമ്പു വിമാനത്താവളം വഴിയുമാണ് രാജ്യത്ത് പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."