അല്‍ജസീറക്കെതിരെ നടപടിയില്ല: ഖത്തര്‍
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള അനുരഞ്ജനത്തിന്റെ ഭാഗമായി അല്‍ജസീറയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.
അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ അതൊരു വിഷയമേ ആവില്ലെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി പറഞ്ഞു.
ഖത്തറിനെതിരേ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയ സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന് ഉപാധി വച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു.
അല്‍ജസീറയുടെ വിമര്‍ശനാത്മകമായ റിപോര്‍ട്ടുകളാണ് അയല്‍രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നതെന്നാണു കരുതുന്നത്.
സൗദി സഖ്യം ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്ന് വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ ആല്‍ഥാനി പാരിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇറാനോ, അല്‍ജസീറയോ അല്ല വിഷയം. യഥാര്‍ഥ കാരണമെന്തെന്ന് ഒരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഗള്‍ഫ് സുരക്ഷയുമായി ബന്ധപ്പെട്ട എന്ത് വിഷയമുണ്ടെങ്കിലും ഇരുന്നു ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വിദേശത്തുനിന്നുള്ള ഉത്തരവ് അനുസരിക്കാന്‍ ഖത്തര്‍ തയ്യാറല്ല. അല്‍ജസീറ ആഭ്യന്തര കാര്യമായതു കൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ഖത്തര്‍ ഒരുക്കമല്ല-വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍പ്പെട്ടതാണ്. അതില്‍ ആരും ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചതിനു പിന്നാലെ റിയാദിലുള്ള അല്‍ജസീറ ബ്യൂറോ അടച്ചുപൂട്ടുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. മേഖലയില്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. ഇതിനു പിന്നാലെ ജോര്‍ദാനും അല്‍ജസീറ ഓഫിസ് അടയ്ക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
ഈജിപ്ത് വളരെ മുമ്പേ തന്നെ അല്‍ജസീറയുടെ പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിച്ചിരുന്നു. നിരവധി അല്‍ജസീറ മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുകയും ചെയ്തിരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്നതാണ് അല്‍ജസീറയ്‌ക്കെതിരായ നടപടിക്ക് കാരണമെന്ന് മുന്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ റൂബന്‍ ബാനര്‍ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."