സ്വപ്‌നചിറകിന് നിറം നല്‍കിയവര്‍
അപകടത്തില്‍പെട്ട് ഒന്നുമല്ലാതായിത്തീര്‍ന്നു എന്നിടത്തു നിന്നാണ് മുനൈബ മസ്‌രിയുടെ ഇതിഹാസ ജീവിതം ആരംഭിക്കുന്നത്. പാകിസ്താനിലെ ബലൂച് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അവള്‍ക്ക് കുടുംബ സമ്മര്‍ദത്തിനു വഴങ്ങി പതിനെട്ടില്‍ തന്നെ വിവാഹം ചെയ്യേണ്ടി വന്നു. ഒട്ടും സംതൃപ്തമല്ലാതിരുന്ന ആ ദാമ്പത്യം രണ്ടുവര്‍ഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തിന്റെ ഗതി നിര്‍ണയിച്ച അപകടം നടന്നത്. ഭര്‍ത്താവ് ഒരു വിധത്തില്‍ രക്ഷപ്പെട്ടപ്പോള്‍ തകര്‍ന്ന കാറിനകത്ത് ഞെരിഞ്ഞമരാനായിരുന്നു അവളുടെ വിധി. അടിസ്ഥാന സൗകര്യം അല്‍പം പോലുമില്ലാതിരുന്ന ആ ഗ്രാമത്തില്‍ നിന്ന് ഒരു ജീപ്പില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മൂന്ന് മണിക്കൂര്‍ യാത്ര ചെയ്തായിരുന്നു അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. ആ അപകടം ശരീരത്തില്‍ വരുത്തിവച്ച മുറിവുകളുടെ ലിസ്റ്റ് അല്‍പം ദൈര്‍ഘ്യമുള്ളതായിരുന്നു. വലത്തേ കൈ, മണിബന്ധം, തോളെല്ല്, പിടലി, വാരിയെല്ല് എന്നിവ പൂര്‍ണമായി തകര്‍ന്നു. ഇരു വൃക്കകള്‍ക്കും ശ്വാസനാളത്തിനും നട്ടെല്ലിനും സാരമായി പരുക്കേറ്റു. ശ്വാസം കിട്ടാതെ വന്നു. ശരീരം മുഴുവനായി മരവിച്ചു കിടന്നു.
വാടിത്തളര്‍ന്നുപോയ നിമിഷം
തുടര്‍ന്നുള്ള രണ്ടര മാസം നിരന്തര സര്‍ജറികളുടേതായിരുന്നു, ഒപ്പം നിരാശയുടേതും. ഓരോ ദിവസവും ഡോക്ടര്‍മാര്‍ പരിശോധനക്കായ് കടന്നു വരുമ്പോള്‍ പറഞ്ഞ വാക്കുകള്‍ മുനൈബ മസ്‌രിയെന്ന ചെറുപ്പക്കാരിയുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു. കയ്യിലേറ്റ മാരക പരുക്കു കാരണം, ഒരു ചിത്രകാരിയാവുക എന്ന തന്റെ ചിരകാലസ്വപ്നം ഇനി പൂവണിയില്ല എന്ന ഡോക്ടറുടെ വാക്ക് ഏറെ പ്രയാസപ്പെട്ടെങ്കിലും അവള്‍ ഉള്‍കൊണ്ടു. അടുത്ത ദിവസം, നട്ടെല്ലിനേറ്റ പരുക്കു കാരണം ഇനിയൊരിക്കലും ജീവിതത്തില്‍ നടക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴും അവള്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു. പിന്നീട് ഇനിയൊരിക്കലും ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ സാധിക്കില്ല എന്ന് കൂടി അവര്‍ പറഞ്ഞപ്പോള്‍ അതുവരെ സംഭരിച്ചുവച്ച ധൈര്യം മുഴുവന്‍ ചോര്‍ന്നൊലിക്കുകയായിരുന്നു. മാതാവാകാന്‍ സാധിക്കില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ഥമെന്താണ്? ആലോചനകളും നൈരാശ്യവും മുനൈബ മസ്‌രിയെന്ന യുവതിയുടെ ജീവിതത്തിന്റെ പ്രതീക്ഷയുടെ ആകാശത്ത് കരിനിഴല്‍ പടര്‍ത്തിയപ്പോഴായിരുന്നു വാക്കുകള്‍ക്ക് ആത്മാവിനെ ആശ്വസിപ്പിക്കാനുള്ള മാരകശക്തിയുണ്ടെന്ന വസ്തുത അവള്‍ തിരിച്ചറിഞ്ഞത്. 'മകളേ... ദൈവം നിന്നെ ഇപ്പോഴും ജീവനോടെ നിലനിര്‍ത്തുന്നുവെങ്കില്‍ അവന് നിന്നെക്കൊണ്ട് പലതും ചെയ്യാനുണ്ടാവും. അത് എന്താണെന്ന് എനിക്കറിയില്ല, പക്ഷെ, അവന് തീര്‍ച്ചയായും ഉണ്ടായിരിക്കണം'- മാതാവിന്റെ ആശ്വാസ വാക്കുകളായിരുന്നു പിന്നീട് അവള്‍ക്ക് വഴിതെളിച്ചത്.
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ
പെയിന്റിങ് തെറാപ്പി
ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലിടിച്ച് ഡോക്ടര്‍മാരുടെ ശക്തമായ നിയന്ത്രണത്തില്‍ കിടക്കുമ്പോഴായിരുന്നു സഹോദരന്മാരെ വിളിച്ച് മുനൈബ പറഞ്ഞത്- 'ഈ വെളുത്ത ആശുപത്രിച്ചുമരുകളും വെളുത്ത വസ്ത്രവുമെല്ലാം എനിക്ക് വല്ലാതെ മടുത്തിരിക്കുന്നു. എനിക്ക് ജീവിതത്തിന് അല്‍പം നിറം പകരണം. അല്‍പം കളറുകളും കാന്‍വാസുകളും കൊണ്ടു വരൂ...'. അങ്ങനെ മുനൈബ തന്റെ വികാരങ്ങള്‍ക്ക് നിറംപകര്‍ന്ന് ആദ്യ പെയ്ന്റ് ചെയ്തു, അതും മരണക്കിടക്കയില്‍!. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നിയന്ത്രണങ്ങള്‍ വഴിമാറുകയായിരുന്നു. വെറുമൊരു പെയ്ന്റിങ് എന്നതിലുപരി എന്റെ തെറാപ്പി കൂടിയായിരുന്നു അതെന്ന് പറയുന്നു മുനൈബ.
കൈപിടിച്ചുയര്‍ത്താന്‍
ഒരാളെ കാത്തിരിക്കാതെ
രണ്ടര മാസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴേക്കും അലര്‍ജിയും അള്‍സറും പിടികൂടിയിട്ടുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ടു വര്‍ഷം കൂടി വീട്ടില്‍ കിടക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഉയര്‍ന്നു പറക്കാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ ആ കിടക്കയില്‍ കിടന്ന് തന്നെ സ്വപ്നങ്ങളുടെ ചിറകേറി മുനൈബ മസ്‌രി അതിനിടെ തന്നെ ഒത്തിരി കാതങ്ങള്‍ താണ്ടിയിരുന്നു. രണ്ടു വര്‍ഷത്തെ വീട്ടിലെ വിശ്രമത്തിനു ശേഷം ഇനിയൊരിക്കലും ജീവിതത്തില്‍ തനിക്ക് എഴുന്നേറ്റ് നടക്കാനാവില്ല എന്ന ഉത്തമ ബോധ്യത്തോടെ ആദ്യമായി വീല്‍ചെയറിലിരുന്ന് കണ്ണാടിയില്‍ നോക്കി അവള്‍ ആത്മഗതം ചെയ്തു 'ഏതെങ്കിലുമൊരു മായിക ശക്തി വന്ന് എന്നെ നടത്തിക്കുന്നത് കാത്തിരിക്കാന്‍
എനിക്കാവില്ല. കരഞ്ഞ് കരഞ്ഞ് ആരുടെയെങ്കിലും ദയാവായ്പിനായ് കാത്തിരിക്കാനും എനിക്കാവില്ല. കാരണം, എല്ലാവരും അവരുടെ ലോകത്ത് തിരക്കിലാണ്. എനിക്കും എന്റേതായ മാര്‍ഗം വെട്ടിപ്പടുക്കേണ്ടതുണ്ട്. പിന്നീട് മുനൈബ മസ്‌രി പോരാടുകയായിരുന്നു. രണ്ടു വര്‍ഷത്തെയും രണ്ടര മാസത്തെയും വിശ്രമജീവിതത്തിനു ശേഷം പൊതുസമൂഹത്തില്‍ നേരിട്ടേക്കാവുന്ന എല്ലാതരം ഭയപ്പാടുകളോടുമുള്ള പോരാട്ടം. വിവാഹമോചനം എന്ന ഭീകരസത്യത്തോട് ഏറെ പ്രയാസപ്പെട്ടെങ്കിലും അവള്‍ പൊരുത്തപ്പട്ടു. കുട്ടികളില്ലാത്ത പ്രശ്‌നം രണ്ടു വയസുള്ള ഒരാണ്‍കുട്ടിയെ ദത്തെടുത്തായിരുന്നു അവള്‍ പരിഹരിച്ചത്.
ജീവിതത്തിന്
ബലം നല്‍കിയവര്‍
ഏതൊരാളുടെയും വിജയത്തിനു പിറകിലുമെന്ന പോലെ മുനൈബയുടെ വിജയത്തിനു പിന്നിലും മാതാവെന്ന ദിവ്യശക്തിയുടെ സൗമ്യസാന്നിധ്യം നന്ദിപൂര്‍വം ഓര്‍ക്കുന്നുണ്ട്. മറ്റൊരു സാന്നിധ്യം മകനായിരുന്നു, തന്റെ മാതാവ് ഒരിക്കലും നടക്കാന്‍ ശേഷിയില്ലാത്തവളാണ് എന്ന് തിരിച്ചറിയുമ്പോഴുള്ള ഒരു കുട്ടിയുടെ അമ്പരപ്പോ വൈഷമ്യമോ അവനില്ലായിരുന്നു. തന്റെ മൂന്നാമത് ഹീറോയായി പാകിസ്താനിലെ പെഷവാര്‍ സ്‌കൂള്‍ ഭീകരാക്രമണത്തില്‍ മുഖത്ത് മൂന്നും ശരീരത്തില്‍ അഞ്ചും വെടിയുണ്ടകളാല്‍ മുറിപ്പാടേറ്റ വലീദ് ഖാന്‍ എന്ന കൊച്ചു കുട്ടിയെ അവള്‍ ഓര്‍ക്കുന്നു. അക്രമണ ശേഷം ആശുപത്രിയില്‍ കിടക്കുന്ന വലീദ് ഖാന്റെ മുന്നില്‍ സമാശ്വാസ വാക്കുകള്‍ എങ്ങനെ പറഞ്ഞു തുടങ്ങണമെന്നറിയാതെ മുനൈബ മസ്‌രി പതറിയപ്പോള്‍ 'നിങ്ങളാണോ മുനൈബ മസ്‌രി, നമുക്കൊരു സെല്‍ഫിയെടുക്കാം' എന്ന് പറഞ്ഞ് വെടിയുണ്ടകള്‍ വികൃതമാക്കിയ ആ മുഖവുമായി അവന്‍ എടുത്ത സെല്‍ഫി ഇന്നും ഞാന്‍ ഊര്‍ജമായി കൂടെ കൊണ്ടുനടക്കുന്നുണ്ട് എന്നവര്‍ ആനന്ദത്തോടെ പറയുന്നു.
നിറം പകര്‍ന്ന ജീവിതം
വീല്‍ചെയറിലിരുന്ന് മുനൈബ ജയിച്ചടക്കിയ ലോകം അതിവിശാലമായിരുന്നു. ഇനിയൊരിക്കലും ഒരു ചിത്രം വരക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അതേ കൈ കൊണ്ടുതന്നെ നിശ്ചയദാര്‍ഢ്യത്തിന്റെ നിറം ചേര്‍ത്ത് മുനൈബ നടത്തിയത് ഒത്തിരി ചിത്രപ്രദര്‍ശനങ്ങള്‍, ഒപ്പം പാകിസ്താനിന്റെ ആദ്യ വീല്‍ ചെയര്‍ കലാകാരിയെന്ന ഖ്യാതിയും. നാഷണല്‍ ടി.വി ഓഫ് പാകിസ്താനിന്റെ പല പരിപാടികളിലും അവതാരികയാണിന്നീ ചെറുപ്പക്കാരി. പാകിസ്താനിലെ യു.എന്‍ നാഷണല്‍ ഗുഡ്‌വില്‍ അംബാസഡര്‍, 2015ലെ ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ അംഗം, 2016 ലെ ഫോബ്‌സ് മാഗസിന്റെ 30 ചുരുക്ക പട്ടികയില്‍ അംഗം എന്നിങ്ങനെ നീളുന്നു അവ. ഇതെഴുതി അവസാനിപ്പിക്കുമ്പോഴും മുനൈബ മസ്‌രിയുടെ മാന്ത്രിക വചനങ്ങള്‍ കാതുകളില്‍ മുഴങ്ങുന്നുണ്ട്. 'അവരെന്റെ വൈകല്യം കാണും, ഞാനെന്റെ കഴിവ് കാണും, അവരെന്നെ വികലാംഗയെന്നു വിളിക്കും, ഞാനെന്നെ ഭിന്നശേഷിക്കാരിയെന്നു സ്വയം വിളിക്കും'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."