പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം: എസ്.പി പുനരന്വേഷണത്തിന് ഉത്തരവിട്ടു
വെഞ്ഞാറമൂട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി ഉത്തരവിട്ടു. സംഭവത്തില്‍ നേരത്തെ പൊലിസ് അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവ് നിരപരാധിയാണെന്ന സംശയത്തെ തുടര്‍ന്നാണ് പൊലിസ് കേസില്‍ വീണ്ടും അന്വേഷണം നടത്തുന്നത്.
കേസ് അന്വേഷിച്ച വെഞ്ഞാറമൂട് പൊലിസ് പെണ്‍കുട്ടിയുടെ പിതാവിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പത്താംക്ലാസില്‍ പഠിച്ചിരുന്ന കുട്ടി തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് ചെന്നപ്പോഴാണു പീഡന വിവരം പുറത്തറിയുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഇതിനിടെ പ്രസവിക്കുകയും ചെയ്തു.
ഈ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനയിലാണ് പിതാവ് നിരപരാധിയാണെന്ന വിവരം പുറത്തുവരുന്നത്. കേസില്‍ നിരപരാധിയെയാണ് അറസ്റ്റ് ചെയ്തതെന്നാരോപിച്ചു പെണ്‍കുട്ടിയുടെ അമ്മയും നേരത്തെ എസ്.പിക്കു പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി ശരിയാംവണ്ണം രേഖപ്പെടുത്താതെയാണു പിതാവിനെ പ്രതിയാക്കിയതെന്നും ആരോപണമുണ്ട്. പിതാവ് ഇപ്പോള്‍ പൂജപ്പുര ജയിലാണുള്ളത്.
ഈ സാഹചര്യത്തിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ വെഞ്ഞാറമൂട് സി.ഐക്കെതിരേ സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണു തുടരന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോക് കുമാറിനാണ് അന്വേഷണ ചുമതല.
ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: മകളെ പീഡിപ്പിച്ചെന്ന കുറ്റത്തിന് പിതാവ് ജയില്‍ശിക്ഷ അനുഭവിക്കുന്നത് പൊലിസിന്റെ അനുചിത നടപടി മൂലമാണെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കൃത്യമായ അന്വേഷണം നടത്താതെയും ഡി.എന്‍.എ റിപ്പോര്‍ട്ടില്‍ പിതാവിനു പങ്കില്ലെന്ന് തെളിഞ്ഞത് കോടതിയില്‍നിന്നു മറച്ചുവച്ചും പിതാവിന് ജയില്‍ശിക്ഷ വാങ്ങിക്കൊടുത്തെന്നായിരുന്നു വാര്‍ത്ത.
കുട്ടിയുടെ അച്ഛന്‍ ഒന്‍പതു മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കുട്ടിയുടെ ചുമതലയും സംരക്ഷണവും അന്നുതന്നെ പൊലിസ് ഏറ്റെടുക്കുകയായിരുന്നു. കുട്ടിയോട് സംസാരിക്കാന്‍ അമ്മയെപ്പോലും പൊലിസ് അനുവദിച്ചില്ലെന്നാണ് ആക്ഷേപം. വനിതാ പൊലിസ് കൊണ്ടുവന്ന കടലാസില്‍ ഭീഷണി ഭയന്ന് ഒപ്പിട്ടതായി പെണ്‍കുട്ടി പറഞ്ഞതായും വാര്‍ത്തയില്‍ പറയുന്നു. പൊലിസിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."