മഴ കനത്തതോടെ കിഴക്കമ്പലം -കരിമുകള്‍ പാതയില്‍ മരണക്കുഴികള്‍
പള്ളിക്കര: മഴ കനത്തതോടെ കിഴക്കമ്പലം -കരിമുകള്‍ സംസ്ഥാന പാത കുണ്ടുംകുഴിയുമായതിനാല്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. ഒരു വര്‍ഷം മുന്‍പ് പൊയ്യക്കുന്നം ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെട്ട് കിഴക്കമ്പലം വാച്ചേരിപ്പാറ മുതല്‍ കരിമുകള്‍ വരെ ഗുണനിലവാരം കുറഞ്ഞ കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനായി താഴ്ത്തിയ ഭാഗങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി റീ ടാറിങ് നടത്താത്തതാണ് അപകടങ്ങള്‍ക്കു കാരണം.
റോഡ് കുത്തിപ്പൊളിച്ച ശേഷം അതേ നിലവാരത്തില്‍ ടാറിങ് നടത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. മികച്ച നിലവാരത്തില്‍ ടാറിങ് നടത്താതിരുന്നതിനാല്‍ കുഴികളെല്ലാം ഇടിഞ്ഞ് വെള്ളമിറങ്ങി റോഡ് തകര്‍ന്നു കഴിഞ്ഞു. കിഴക്കമ്പലം കല ഹാളിനു സമീപം റോഡില്‍ വലിയ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ താഴ്ച മനസ്സിലാക്കാതെ വാഹനങ്ങള്‍ കുഴികളില്‍ വീഴുന്നത് പതിവായിട്ടുണ്ട്.
കിഴക്കമ്പലം മുതല്‍ കരിമുകള്‍ വരെയുള്ള അഞ്ചു കിലോമീറ്ററോളം റോഡിന്റെ ഇടതുഭാഗം ചേര്‍ന്നാണു വാട്ടര്‍ അതോറിറ്റി കുഴിച്ചു കുളമാക്കിയിരിക്കുന്നത്. അതിനാല്‍ വാഹനയാത്രികര്‍ ഈ ദൂരം താണ്ടുന്നതു കടുത്ത ഭീതിയോടെയാണ്.എതിര്‍ദിശയില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കുമ്പോള്‍ ഏതു നിമിഷവും കുഴികളില്‍ പതിച്ചേക്കാം.
പൊയ്യക്കുന്നം ശുദ്ധജല പദ്ധതിക്കായി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടി വാട്ടര്‍ അതോറിറ്റിയും കെ.എസ്.ടി.പിയും തമ്മിലുള്ള ധാരണയിലുണ്ടായ വീഴ്ചയാണു റോഡിന്റെ റീടാറിങ് അനന്തമായി നീളുന്നതിന് ഇടയായത്. പൈപ്പു മാറ്റി സ്ഥാപിക്കുന്നതിനു മുന്‍പേ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ടി.പിക്കു തുക അനുവദിച്ചിട്ടുള്ളതാണെന്നാണു വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.
എന്നാല്‍ പൈപ്പു മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതും കഴിഞ്ഞ മണ്‍സൂണ്‍ കാലവും റോഡിന്റെ ശോചനീയാവസ്ഥ കൂടുതല്‍ രൂക്ഷമാക്കി. അനുവദിച്ച തുക കൊണ്ടു റോഡ് റീ ടാറിങ് നടത്താന്‍ കഴിയില്ലെന്നു കെ.എസ്.ടി.പി അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ വാട്ടര്‍ അതോറിറ്റിയും കെ.എസ്.ടി.പി അധികൃതരും തമ്മിലുള്ള പോരു മുറുകുമ്പോള്‍ ഇതുവഴി യാത്ര ചെയ്യേണ്ടി വരുന്നവര്‍ കഷ്ടത്തിലാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."