പഴയ ഹാള്‍ പൊളിക്കാന്‍ ആളില്ല; സ്കൂള്‍ കെട്ടിട നിര്‍മാണം പ്രതിസന്ധിയില്‍
എടപ്പാള്‍: പഴയ കെട്ടിടം പൊളിക്കാത്തതിനാല്‍ പുതിയ കെട്ടിടം പണിയാനുള്ള എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശ്രമങ്ങള്‍ പാഴാകുന്നു.
പഴയ കെട്ടിടം പൊളിച്ച് മാറ്റാന്‍ കരാറുകാരാരും തയ്യാറാകാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച നടന്ന ലേലവും പരാജയപ്പെട്ടതോടെ പുതിയ കെട്ടിടത്തിനായി അനുവദിച്ച പണം പാഴാവുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭീഷണിയായ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ലോങ് ഹാള്‍ പൊളിച്ച് അവിടെ 3.57 കോടി ചെലവില്‍ മൂന്നുനിലക്കെട്ടിടവും ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിന്റെ മൂന്നാംനിലയും പണിയാനായിരുന്നു പദ്ധതി.
ഇതനുസരിച്ച് ഒരുവര്‍ഷം മുന്‍പ് പണി കരാര്‍ കൊടുക്കുകയും മലപ്പുറത്തുള്ള കമ്പനി മൂന്നാംനിലയുടെ പണിയാരംഭിക്കുകയും ചെയ്തു. ഒന്‍പതുമാസംകൊണ്ട് പണിതീര്ക്കാനായിരുന്നു കരാര്‍. പറഞ്ഞപ്രകാരം മൂന്നാംനിലയുടെ പണി ഏതാണ്ട് അവസാനിക്കാറായി.
എന്നാല്‍ ഹാള്‍ പൊളിച്ചുനല്കാന് പറ്റാത്തതിനാല്‍ മൂന്നുനില കെട്ടിടത്തിന്റെ പണി ഇതുവരെ തുടങ്ങാന്പോലും പറ്റിയിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കെട്ടിടത്തിന് അഞ്ചരലക്ഷമാണ് എന്‍ജിനീയര്‍മാര്‍ മൂല്യം കണക്കാക്കിയിട്ടുള്ളത്. ഇത്രയും വലിയ തുകയ്ക്ക് ഇത് കരാറെടുത്ത് പൊളിച്ചു കൊടുക്കാന്‍ ആരും തയ്യാറാവാത്തതാണ് നിലവിലെ പ്രതിസന്ധി.
തിങ്കളാഴ്ച ജില്ലാപഞ്ചായത്ത് നേരിട്ട് വിളിച്ച ലേലത്തിന് 60-ല്‍പ്പരം കരാറുകാരെത്തിയെങ്കിലും തുക കണ്ടതോടെ എല്ലാവരും മടങ്ങിപ്പോകുകയായിരുന്നു. നേരത്തെ മൂന്നുതവണ വിളിച്ച ലേലവും ഇതേ കാരണത്താലാണ് നടക്കാതെ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."