ഉരുള്‍പൊട്ടലില്‍ ഒലിച്ചുവന്ന മരങ്ങള്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കടത്തിയതായി പരാതി
താമരശ്ശേരി: കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പനങ്ങാട് പഞ്ചായത്തിലെ മങ്കയം കൈതച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിവിധ കര്‍ഷകരുടെ ഭൂമിയില്‍ നിന്ന് ഒലിച്ചുവന്ന മരങ്ങള്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ കടത്തിയതായി പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉരുള്‍പൊട്ടലിന് തൊട്ടടുത്തുള്ള ദിവസങ്ങളില്‍ മങ്കയത്ത് അടിഞ്ഞുകൂടിയ മരങ്ങള്‍ കര്‍ഷകര്‍ എടുക്കാനായി ശ്രമിച്ചപ്പോള്‍ കലക്ടറുടെ അനുമതി വേണമെന്ന് പറഞ്ഞ് മുന്‍ വാര്‍ഡ് മെംബര്‍ ഇവരെ മടക്കി. പ്ലാവ്, തേക്ക്, മാവ്, തെങ്ങ്, കവുങ്ങ്, ഇരൂള്‍ തുടങ്ങി നിരവധി വിലപിടിപ്പുള്ള മരങ്ങളാണ് മങ്കയം ഭാഗത്ത് ഒലിച്ചെത്തിയത്. എന്നാല്‍ രണ്ടാഴ്ച മുന്‍പ് മുന്‍ വാര്‍ഡ് മെംബറുടെ അറിവോടെ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ മരങ്ങള്‍ കടത്തിക്കൊണ്ടുപോവുകയാണുണ്ടായത്. ഇതുസംബന്ധിച്ച് പത്തോളം കര്‍ഷകര്‍ക്കുവേണ്ടി ബാലുശ്ശേരി പൊലിസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മരങ്ങള്‍ കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ നമ്പര്‍ സഹിതം അറിയിച്ചിട്ടും പൊലിസ് നടപടിയെടുത്തില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.കെ ഗംഗാധരന്‍, എറമ്പറ്റ രാജന്‍, പി.കെ അബ്ബാസ് മങ്കയം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."