സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: എം.ലിജു
ആലപ്പുഴ: ആദായനികുതി വകുപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിലെ മുന്‍മന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ആരോപണം തരംതാണ രാഷ്ട്രീയവും അപവാദവ്യവസായത്തിന്റെ ഭാഗവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം ലിജു പറഞ്ഞു.
ഹരിപ്പാട് മെഡിക്കല്‍ക്കോളജുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണം ഇപ്പോള്‍ തന്നെ പൊളിഞ്ഞരിക്കുകയാണ്. മെഡിക്കല്‍ക്കോളജിന് ഷെയറെടുക്കാന്‍ അനുമതി കിട്ടിയവരില്‍ ശ്രീവത്സം ഗ്രൂപ്പില്‍പ്പെട്ട ആരുമില്ല. യു.ഡി .എഫിലെ മുന്‍മന്ത്രിയെന്ന് പറയുന്നതല്ലാതെ മന്ത്രിയുടെ പേര് പറയാന്‍ സി.പി.ഐ സെക്രട്ടറി മടിക്കുന്നത് അപകീര്‍ത്തി കേസ് വരുമെന്ന ഭയം കൊണ്ടാണെന്ന് ലിജു കുറ്റപ്പെടുത്തി.
അപവാദ വ്യവസായത്തിന്റെ ഭാഗമാണിത്. ഒരുതരത്തിലുള്ള തെളിവും ഹാജരാക്കാനില്ലാതെ യു.ഡി .എഫിലെ നേതാക്കള്‍ക്കെതിരേ ഇത്തരത്തില്‍ നടത്തുന്ന നീക്കം ജനങ്ങള്‍ തള്ളിക്കളയും. ഹരിപ്പാട് വിവിധ ഭാഗങ്ങളില്‍ സ്ഥലം വാങ്ങിക്കൂട്ടുന്നതില്‍ ശ്രീവത്സം ഗ്രൂപ്പിന് കൂട്ടുനിന്നത് അവിടുത്തെ സി.പി.ഐ-സി.പി.എം നേതാക്കളാണ്. വ്യത്യസ്ത രീതിയില്‍ ഈ രണ്ടു പാര്‍ട്ടികളും ആനൂകൂല്യം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.
വന്‍കിട പദ്ധതികളില്‍ ആനുകൂല്യം വീതിച്ചെടുക്കുന്നതിനെച്ചൊല്ലി സി.പി.ഐയും സി.പി.എമ്മും തമ്മില്‍ തര്‍ക്കമുണ്ടായതും അങ്ങാടിപ്പാട്ടാണ്. ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് യു ഡി എഫിന്റെ മേല്‍കുതിരകയറാനുള്ള നീക്കം അംഗീകരിച്ച് തരില്ലെന്ന് ലിജു പറഞ്ഞു. സി പി ഐയുടെ ആരോപണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം മാതൃകാപരമാണ്.
അന്വേഷണത്തിലൂടെ ശ്രീവത്സം ഗ്രൂപ്പിന് പിന്നിലുള്ള മാഫിയാസംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ലിജു പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."