ഇന്ത്യ പോലെയുള്ള ബഹുസ്വര രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രായോഗികം: മുസ്‌ലിം നേതാക്കള്‍
ന്യൂഡല്‍ഹി: ഇന്ത്യയെപ്പോലെ വ്യത്യസ്ത സംസ്‌കാരമുള്ള സാമൂഹിക വിഭാഗങ്ങള്‍ ഒന്നിച്ചുകഴിയുന്ന ബഹുസ്വര രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുകയെന്നത് അപ്രായോഗികമാണെന്ന് മുസ്‌ലിം നേതാക്കള്‍ വ്യക്തമാക്കി. രാജ്യത്ത് സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നത് അപ്രായോഗികമാണെന്ന് മാത്രമല്ല അതു നടപ്പാക്കല്‍ അസാധ്യമാണെന്നും അവര്‍ പറഞ്ഞു. ഒരു മതവിഭാഗത്തിനുള്ളില്‍ തന്നെ വ്യത്യസ്ത ധാരകളും ആചാരങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഏക സിവില്‍ കോഡ് എങ്ങനെ നടപ്പാക്കുമെന്നും അവര്‍ ചോദിച്ചു. രാജ്യത്ത് ഏക സിവില്‍കോഡിനായുള്ള പരിശ്രമം ഉണ്ടാകുന്നില്ലെന്ന വെള്ളിയാഴ്ചത്തെ സുപ്രിംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്‌ലിം നേതാക്കളുടെ പ്രതികരണം.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31ന് ദേശീയ നിയമ കമ്മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണംചെയ്യില്ലെന്നും അനാവശ്യമാണെന്നുമുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലി റഹ്മാനി പറഞ്ഞു.
വ്യക്തിനിയമങ്ങളില്‍ അനവധി വൈവിധ്യങ്ങള്‍ ഉണ്ട്. ഇതെല്ലാം എങ്ങനെ ഒന്നായി ക്രോഡീകരിക്കും? ഇനി ഏകസിവില്‍കോഡ് നടപ്പാക്കാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതു കൂടുതല്‍ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുകയായിരിക്കും ഫലം- വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹകസമിതിയംഗം കമാല്‍ ഫാറൂഖി പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് വക്താവ് നിയാസ് അഹമ്മദും ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ഗോവയില്‍നിന്നുള്ള കേസ് പരിഗണിക്കവെയാണ് ഏക സിവില്‍ കോഡ് എന്തുകൊണ്ട് ഇതുവരെയും യാഥാര്‍ഥ്യമായില്ലെന്നും കോടതി നിരന്തരം നിര്‍ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്നും ജഡ്ജിമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് വാക്കാല്‍ ആരാഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."