ജലോത്സവം ലോകത്തിന് മുന്നില്‍ എത്തിക്കും: മന്ത്രി കടകംപള്ളി
തിരുവല്ല: ആറന്മുള ഉതൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സത്രക്കടവില്‍ ആറന്മുള ഉതൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തവര്‍ഷം ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ആറന്മുളയില്‍ പൈതൃക ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ ടൂറിസം വകുപ്പ് സ്വീകരിക്കും. ആറന്മുള കേരളത്തിന്റെ ഗതകാല പൈതൃകത്തിന്റെയും പ്രൗഢിയുടെയും പ്രതീകമാണ്. പമ്പയാറ്റില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയും വഞ്ചിപ്പാട്ടും വിഭവസമൃദ്ധമായ വള്ളസദ്യയും ചുവര്‍ചിത്രങ്ങളുമെല്ലാം പഴമ ചോരാതെ ഈ മണ്ണില്‍ നിലനില്‍ക്കുന്നത് ലോകത്തെ ഒന്നാകെ അത്ഭുതപ്പെടുത്തുന്നതാണ്.
ജലത്തിലെ പൂരമാണ് ആറന്മുള ജലോത്സവം. ആറന്മുളയുടെ പൈതൃകം നശിപ്പിക്കുന്ന വികസനമല്ല സര്‍ക്കാര്‍ ലക്ഷ്യം. പൈതൃക സമ്പത്ത് നിലനിര്‍ത്തി കൊണ്ടുള്ളതാകും വികസനം. സമ്പുഷ്ടമായ ആറന്മുള അരി ഉല്‍പാദിപ്പിക്കുന്ന വികസനമാണ് ഇവിടെ വേണ്ടത്. അല്ലാതെ വിമാനത്താവളമല്ല.
മത്സര വള്ളംകളിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു. കവി എസ്. രമേശന്‍ നായര്‍ക്ക് രാമപുരത്ത് വാര്യര്‍ അവാര്‍ഡ് വനം മന്ത്രി സമ്മാനിച്ചു.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."