ഉത്തരേന്ത്യാ മോഡല്‍ പൊലിസിങ്: തിരുവനന്തപുരത്ത് അറസ്റ്റുചെയ്ത ലീഗ് നേതാവിനെ നഗരമധ്യത്തിലൂടെ തുണിയില്ലാതെ നടത്തിച്ചു
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവിനെ പട്ടാപകല്‍ പൊലീസ് തുണിയില്ലാതെ നഗരമധ്യത്തിലൂടെ നടത്തിച്ചത് വിവാദമാകുന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് ചെക്ക് കേസില്‍ പ്രതിയായ ലീഗ് നേതാവിനെ പകല്‍ സമയത്ത് പൊലീസ് അര്‍ധനഗ്നനാക്കി നടത്തിച്ചത്. തിരുവനന്തപുരം ജില്ലാ മുസ്‌ലിം ലീഗ് കൗണ്‍സിലറായ ഷിബുവിനെയാണ് പാങ്ങോട് എസ്.ഐ നിയാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തു അര്‍ധനഗ്നനായി കൊണ്ടു പോയത്.
കല്ലറയിലെ പിതാവിന്റെ സഹോദരന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം ഉച്ചക്കു 12 മണിക്കാണ് ശിബുവിനെ പൊലിസ് അറസറ്റു ചെയ്തത്. വീട്ടില്‍ നിന്നും 400 മീറ്റര്‍ ദൂരം നിക്കര്‍ മാത്രം ധരിപ്പിച്ചാണ് നടത്തിച്ചത്. കല്ല്യാണം നടക്കുന്ന മണ്ഡപത്തിന്റെ മുന്നിലൂടെയാണ് ഇദ്ദേഹത്തെ വിവസ്ത്രനായി പൊലീസ് കൊണ്ടുപോയത്.
രാവിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു കൊണ്ടുപോയ ശേഷം വൈകീട്ടു മൂന്നു മണിവരെ ഇദ്ദേഹത്തെ തുണിയില്ലാതെയാണ് ലോക്കപ്പില്‍ നിര്‍ത്തിയത്. അഞ്ചു മണിക്കു പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന്റെ മുന്നില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് തുണി നല്‍കിയത്. മജിസ്‌ട്രേറ്റ് അപ്പോള്‍ തന്നെ ഇദ്ദേഹത്തെ വിടുകയും അടുത്ത ദിവസം ജാമ്യം എടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. സമന്‍സ് പോലും നല്‍കാതെയാണ് ശിബുവിനെ അറസ്റ്റു ചെയ്തു കൊണ്ടു പോയത്. നേരത്തെ ഇടുക്കിയില്‍ നടന്ന ഒരു കൊലപാതകത്തില്‍ ഷിബുവിനെ പ്രതിയാക്കി ചേര്‍ത്തിയിരുന്നെങ്കിലും ഹൈക്കോടതി ആ എഫ്.ഐ.ആര്‍ റദ്ദു ചെയ്യുകയായിരുന്നു. ഒരു ലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയ ഈ എസ്.ഐ ക്കെതിരേ നേരത്തെ ഷിബു പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യം തീര്‍ക്കുകയാണ് എസ്.ഐ ഇപ്പോള്‍ ചെയ്യുന്നതെന്നാണ് ഷിബു ആരോപിക്കുന്നത്. എന്നാല്‍ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലൈന്റ് അതോറിറ്റി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണ് ഷിബു. ഉത്തരേന്ത്യയില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ പൊലീസ് നടപടിക്കു സമാനമായ സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്നവിധം പ്രതിയെ പൊലിസ് നടത്തിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്നും പിടിച്ചു പൊലീസ് വാഹനത്തിലേക്കു കയറ്റിയപ്പോള്‍ പിന്നില്‍ നിന്നും ആരോ പകര്‍ത്തിയ ചിത്രമാണിതെന്നും എസ്.ഐ നിയാസ് സുപ്രഭാതം ഓണ്‍ലൈനിനോടു പറഞ്ഞു. ചിത്രത്തില്‍ പച്ച ടീ ഷര്‍ട്ടില്‍ കാണുന്ന വ്യക്തിയാണ് എസ്.ഐ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."