വില്ലേജ് ഓഫിസര്‍ വയല്‍ ഒഴിപ്പിക്കുന്ന തിരക്കില്‍; ഉപഭോക്താക്കള്‍ പെരുവഴിയില്‍
പേരാമ്പ്ര: കായണ്ണ വില്ലേജ് ഓഫിസറും ജീവനക്കാരും കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാനായി വയലില്‍. വില്ലേജ് ഓഫിസില്‍ നിന്ന് അത്യാവശ്യ രേഖകളും സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ ജനങ്ങള്‍ വയലില്‍ എത്തി കാര്യങ്ങള്‍ നടത്തി പോകേണ്ട അവസ്ഥയില്‍.
വിവിധ കാര്യങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ എത്തി തിരിച്ച് പോകുന്ന ധാരാളം പേരുടെ ദൈനംദിന കാര്യങ്ങള്‍ പോലും മുടങ്ങുന്നതായി പരാതി ഉയരുന്നു. മൊട്ടന്തറ കുന്നിന്‍ മുകളിലുള്ള കായണ്ണ വില്ലേജ് ഓഫിസില്‍ വാഹനം വിളിച്ച് വേണം എത്തിപ്പെടാന്‍.
കായണ്ണ വില്ലേജില്‍ പെട്ട അരീക്കാംപൊയില്‍ താഴെ പാടശേഖരത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കവുങ്ങുതൈകള്‍ വച്ചു പിടിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ജീവനക്കാര്‍ വയലില്‍ കഴിയുന്നത്. വയലില്‍ 45 സെന്റ് സ്ഥലത്ത് വാഴയും കവുങ്ങും വച്ച് പിടിപ്പിച്ചത് ഒഴിവാക്കി പൂര്‍വ സ്ഥിതിയിലാക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. ഇത് നടപ്പാക്കാന്‍ അഞ്ച് ദിവസമായി ജീവനക്കാര്‍ പരിശ്രമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."