ഡി.വൈ.എഫ്.ഐ നേതാവിന്റെ പീഡന ശ്രമം: നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി
തൃശൂര്‍: എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ പീഡന ശ്രമത്തിനിരയായ പെണ്‍കുട്ടി നീതി ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്ത്. പ്രതിയായ ജീവന്‍ ലാലിനെതിരേ പരാതി നല്‍കി രണ്ടു മാസം കഴിഞ്ഞിട്ടും പൊലിസ് അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമര്‍ദത്തിനു വഴങ്ങിയാണെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക കൂടിയായ പെണ്‍കുട്ടി ആരോപിച്ചു. കാട്ടൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ഇവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
ജീവന്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഗൂഢാലോചനയുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. സ്വരാജിനോട് പരാതി പറഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍, ഇതുവരെ ജില്ലാസെക്രട്ടറി ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നോട് സംസാരിച്ചിട്ടില്ല. ഭരണകക്ഷിയായ പാര്‍ട്ടിയുടെ സമ്മര്‍ദമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായും പെണ്‍കുട്ടി ആരോപിച്ചു. പരാതി നല്‍കിയതിനു ശേഷം നടന്ന പാര്‍ട്ടിയോഗങ്ങളിലും താന്‍ പങ്കെടുത്തിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള പരിപാടികളില്‍ സഹകരിക്കാന്‍ താല്‍പര്യം നഷ്ടപ്പെട്ടു. കൂടെ ഉണ്ടാകുമെന്ന് കരുതിയ പ്രസ്ഥാനം വേട്ടക്കാരനൊപ്പം നില്‍ക്കുന്നത് കാണുമ്പോള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. അന്വേഷണം ഊര്‍ജിതമാക്കണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് പരാതിനല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ജീവന്‍ ലാലിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരില്‍ പൊലിസ് നേരത്തെ കേസെടുത്തിരുന്നു. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 9ന് കുടുംബസുഹൃത്ത് കൂടിയായ ജീവന്‍ ലാലിനൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പീഡന ശ്രമമുണ്ടായെന്നാണ് പരാതി. പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ പൊലിസിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."