പൊന്നാനി നഗരസഭയില്‍ ഭിന്നശേഷിക്കാരെ ബഡ്‌സ് സെന്ററിലെത്തിക്കാന്‍ വാഹനം
പൊന്നാനി: ഭിന്നശേഷിക്കാര്‍ക്ക് 'സ്‌നേഹ ചക്ര' സമ്മാനവുമായി പൊന്നാനി നഗരസഭ. നഗരസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിനു സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ പുതിയ വാഹനം ലഭ്യമായിരിക്കുന്നു. മെട്രോമാന്‍ ഇ.ശ്രീധരന്റെ മുന്‍കൈയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിള്‍ സ്‌കീമില്‍ നിന്നാണു വാഹനം ലഭിച്ചത്. വാഹനം വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ മെട്രോമാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാനു കൈമാറും .
2015 സെപ്റ്റംബര്‍ 21 നാണു നഗരസഭയുടെ നേതൃത്വത്തില്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചത്. സാധാരണ ഭിന്നശേഷി വിദ്യാലയങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഈ സ്ഥാപനം. ഇവിടെ 16 വയസിനു മുകളിലുള്ളവര്‍ക്കാണു പരിചരണം ലഭിക്കുന്നത്. മറ്റ് ബഡ്‌സ് സ്‌കൂളുകളില്‍ ഏറ്റവും ചെറിയ പ്രായത്തിലുള്ളവരെയാണു സംരക്ഷിക്കുന്നതെങ്കില്‍ ഇവിടെ മുതിര്‍ന്ന കുട്ടികളുടെ സംരക്ഷണമാണു നഗരസഭ ഏറ്റെടുക്കുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ മക്കളാണ് ഇതില്‍ ഭൂരിഭാഗവും. ഇത്തരം കുട്ടികളെയും കൊണ്ട് ബസുള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്ര അസാധ്യമാണ്. അതുകൊണ്ടു തന്നെ നിര്‍ധനരായ രക്ഷിതാക്കള്‍ക്ക് ഇവരെ ബഡ്‌സ് സെന്ററില്‍ എത്തിക്കാനും തിരിച്ചു കൊണ്ടു പോകാനും വലിയ തുക ചെലവഴിക്കേണ്ടി വരുന്നു. ഇക്കാരണം കൊണ്ട് കുട്ടികളെ വീടുകളില്‍ ബന്ധനസ്ഥരാക്കി ജോലിക്കു പോകുന്ന സാഹചര്യം ഒഴിവാക്കാനാണു നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭാ ഭരണം ഏറ്റെടുത്തതിനു ശേഷം, ഭരണ സമിതിയുടെ സ്റ്റാന്റിംഗ് കമ്മറ്റി യോഗം മെട്രോ മാന്‍ ഇ. ശ്രീധരന്റെ വീട്ടില്‍ ചേര്‍ന്ന അവസരത്തില്‍ ബഡ്‌സ് സ്‌കൂളിനെ സംബന്ധിച്ചു ഭരണസമിതിയുടെ കാഴ്ചപ്പാട് അദ്ദേഹത്തിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ വാഹനത്തിന്റെ കാര്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.
പുതിയ ഭരണ സമിതി അധികാരം ഏറ്റത്തിനു ശേഷമാണു ഭക്ഷണം കേന്ദ്രത്തില്‍ തന്നെ പാചകം ചെയ്തുതുടങ്ങിയത്. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തില്‍ അടുത്ത വര്‍ഷം തന്നെ 'ബഡ്‌സ് സ്‌കൂള്‍ കം റീഹാബിലിറ്റേഷന്‍ സെന്റര്‍' എന്ന സ്ഥാപനമാക്കി ഇതിനെ വളര്‍ത്തുക എന്നതാണു നഗരസഭയുടെ ലക്ഷ്യമെന്നു ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."