ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രിയായിരിക്കെ സ്വകാര്യ ട്രസ്റ്റിന് നിയമവിരുദ്ധമായി ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ അഞ്ചേക്കര്‍ ഭൂമി 30 വര്‍ഷത്തേക്ക് സ്വകാര്യ ട്രസ്റ്റിന് പാട്ടത്തിന് നല്‍കിയെന്ന പാരാതിയിലാണ് അന്വേഷണം.
തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപ് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് അനുവാദം നല്‍കുകയായിരുന്നു. തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക യൂനിറ്റിനാണ് അന്വേഷണ ചുമതല. ധന, റവന്യൂ, നിയമവകുപ്പിന്റെയും ജയില്‍ ഡി.ജി.പിയുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് സ്വകാര്യ ട്രസ്റ്റിന് ചെന്നിത്തല ജയില്‍ഭൂമി പതിച്ചുനല്‍കിയതെന്നാണ് പരാതി.
യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല നെട്ടുകാല്‍ത്തേരി ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി ഒരു ആശ്രമവുമായി ബന്ധപ്പെട്ട ട്രസ്റ്റിന് സ്‌കൂള്‍ ആരംഭിക്കാനായാണ് നല്‍കിയത്. ഭൂമി കമ്പോളവിലയുടെ പത്ത് ശതമാനം ഈടാക്കി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു അന്നത്തെ മന്ത്രിസഭ തീരുമാനിച്ചത്. ജയില്‍ ഡി.ജി.പിയായിരുന്ന ഋഷിരാജ് സിങ്ങിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണ് ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാനായി തീരുമാനമെടുത്തതെന്നാണ് പരാതി.
തടവുകാര്‍ക്ക് ജോലി നല്‍കാനായി പുതിയ പദ്ധതികള്‍ തുടങ്ങണമെന്നും അതിനാല്‍ ഭൂമി വിട്ടുനല്‍കരുതെന്നുമായിരുന്നു ഡി.ജി.പിയുടെ വാദം. തീരുമാനം ഉടന്‍ നടപ്പാക്കാന്‍ രമേശ് ചെന്നിത്തല രേഖാമൂലം ഉത്തരവ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍, തനിക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം ബ്രൂവറി അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാര നടപടിയാണെന്നാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."