വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം: ടി.കെ ഹംസക്ക് സാധ്യത
കൊണ്ടോട്ടി: കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ മന്ത്രി ടി.കെ ഹംസയെ പരിഗണിച്ചേക്കും.
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള നിലവിലെ ബോര്‍ഡിന്റെ കാലാവധി അടുത്തമാസം പൂര്‍ത്തിയാകും. യു.ഡി.എഫ് ഭരണകാലത്താണ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള കമ്മിറ്റി നിലവില്‍വന്നത്. അഞ്ചുവര്‍ഷമാണ് വഖ്ഫ് ബോര്‍ഡിന്റെ കാലാവധി.
ടി.കെ ഹംസ, കാന്തപുരം വിഭാഗം പ്രതിനിധി ഡോ.ഹുസൈന്‍ രണ്ടത്താണി എന്നിവരുടെ പേരുകളാണ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. സി.പി.എം ടി.കെ ഹംസയുടെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, വകുപ്പ് മന്ത്രി കെ.ടി ജലീലിന് ഡോ.ഹുസൈന്‍ രണ്ടത്താണിയോടാണ് താല്‍പര്യം.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ചെയര്‍മാനായ ടി.കെ ഹംസ അഭിഭാഷകനും ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹമുള്ളയാളുമാണ്. മുസ്‌ലിം വിഭാഗത്തിലെ സംഘടനകള്‍ക്കെല്ലാം സ്വീകാര്യനായ പ്രതിനിധിയെന്ന നിലയിലാണ് ടി.കെ ഹംസയെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിനുപുറമെ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനംകൂടി കാന്തപുരം വിഭാഗത്തിന് നല്‍കുന്നത് മറ്റു സംഘടനകളുടെ എതിര്‍പ്പിന് കാരണമാകുമെന്ന് പാര്‍ട്ടി കരുതുന്നു. അതിനാലാണ് ടി.കെ ഹംസയെ പരിഗണിക്കുന്നത്. ഹുസൈന്‍ രണ്ടത്താണിയെ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.
വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ 10 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് വഖ്ഫ് ബോര്‍ഡ് ഭരണസമിതി. ബോര്‍ഡിലെ അംഗങ്ങളെയും സെക്രട്ടറിയെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെയും സംസ്ഥാന സര്‍ക്കാരാണ് നിയമിക്കുന്നത്.
ബോര്‍ഡിന്റെ അധ്യക്ഷനെ അംഗങ്ങളാണ് തെരഞ്ഞെടുക്കുക. മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ഒരു എം.പി, രണ്ടു എം.എല്‍.എമാര്‍, കേരള ബാര്‍ കൗണ്‍സിലില്‍ നിന്ന് മുസ്‌ലിം അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന മുസ്‌ലിമായ ഒരാള്‍, ഒരുലക്ഷം രൂപ വരുമാനമുള്ള മഹല്ലുകള്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുതവല്ലിമാര്‍, ശരീഅത്ത് നിയമം അറിയുന്ന സമൂഹിക പ്രവര്‍ത്തകനായ ഒരാള്‍, സുന്നി, ശിഈ വിഷയങ്ങളില്‍ അറിവുള്ള ഒരാള്‍, ഗവ. സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്നവരാണ് വഖ്ഫ് ബോര്‍ഡിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."