ഫ്‌ളാറ്റുകള്‍ പൊളിക്കല്‍: നേതാക്കള്‍ പല വഴിക്ക്, മുന്നണികള്‍ക്കിടയിലും ഭിന്നത, യോഗം വിളിച്ച് യു.ഡി.എഫ്
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതില്‍ ഇടതു വലതു മുന്നണികള്‍ക്കിടയിലും അടി തുടങ്ങി. സി.പി.ഐയും ആര്‍.എസ്.പിയുമാണ് ഇരുമുന്നണിയിലും ഭിന്നാഭിപ്രായവുമായി രംഗത്തുള്‌ലത്. ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്നാണ് സി.പി.ഐയുടെയും നിലപാട്. ഫ്‌ളാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്ളാറ്റ് സമുച്ഛയം പൊളിക്കണമെന്ന സുപ്രിംകോടതിയുടെ വിധി ഉണ്ടായതെന്നാ വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍ നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം.
ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫ്ളാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്. നിര്‍മാണത്തിന്റെയും വിറ്റഴിക്കലിന്റേയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ ബാധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നില്‍ക്കലാവും.
ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളത്. ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്ളാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുകയും അവര്‍ക്കും, വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരായി നിയമ നടപടി സ്വീകരിക്കണമെന്നുമാണ് വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്‌ളാറ്റ് നിര്‍മാതാക്കളാണ് നിയമലംഘനം നടത്തിയത്. അവരെക്കൊണ്ട് തന്നെ പുനരധിവാസത്തിനുള്ള നടപടി എടുപ്പിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും വ്യത്യസ്ത അഭിപ്രായമാണ് വി.എം സുധീരനും ടി.എന്‍ പ്രതാപനുമുള്ളത്. സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത സുധീരന്‍, വിഷയത്തില്‍ കുറ്റവാളികള്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളാണെന്ന് കുറ്റപ്പെടുത്തി. ഫ്‌ളാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനും, കെട്ടിടം പൊളിച്ചുനീക്കുന്നതിനുമുള്ള പണം നിര്‍മാതാക്കളില്‍ നിന്നും ഈടാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇതിനിടെ മുന്നണിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുക ലക്ഷ്യമിട്ട് നേതാക്കളുടെ യോഗം ഉച്ചയ്ക്ക് യു.ഡി.എഫ് വിളിച്ചിട്ടുണ്ട്.
യു.ഡി.എഫില്‍ വിഷയം ചര്‍ച്ച ചെയ്യാതെ എം.പിമാര്‍ നിവേദനം തയ്യാറാക്കി പ്രധാനമന്ത്രിക്ക് നല്‍കിയപ്പോള്‍ സ്വീകരിക്കേണ്ട പൊതു നിലപാട് യു.ഡി.എഫ് എടുക്കേണ്ടതായിരുന്നു എന്നാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."