സഊദി റഷ്യയുടെ മിസൈല്‍ സംവിധാനം വാങ്ങട്ടെയെന്ന്
മോസ്‌കോ: അരാംകോ എണ്ണശുദ്ധീകരണശാലകള്‍ക്കു നേരെയുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണം തടയുന്നതില്‍ യു.എസ് നിര്‍മിത മിസൈല്‍ സംവിധാനം പരാജയപ്പെട്ട സാഹചര്യത്തില്‍ റഷ്യയുടെ നൂതന മിസൈല്‍ പ്രതിരോധസംവിധാനം വാങ്ങാന്‍ സഊദിയെ ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യു.എസ് കുറ്റപ്പെടുത്തിയിരുന്നു.
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമൊന്നിച്ചു നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് പുടിന്‍ ട്രംപിനെ ട്രോളിയത്. പുടിന്റെ പരിഹാസത്തെ ഇറാന്‍ പ്രസിഡന്റ് ആസ്വദിക്കുകയും ചെയ്തു. യമനില്‍ മനുഷ്യക്കുരുതി നടത്തുന്ന സഊദി ഭരണകൂടമാണ് ഹൂതീ ആക്രമണത്തിന് ഉത്തരവാദിയെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.
സഊദിയെ അവരുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ സഹായിക്കാം. ഇറാന്‍ റഷ്യയുടെ എസ്-300 വിമാനവേധ മിസൈല്‍ സംവിധാനവും തുര്‍ക്കി എസ്-400 ഉം വാങ്ങിയ പോലെ സഊദി ബുദ്ധിപരമായ തീരുമാനമെടുക്കട്ടെയെന്ന് യു.എസ് മിസൈല്‍ പ്രതിരോധസംവിധാനത്തിന്റെ പരാജയത്തെ സൂചിപ്പിച്ച് പുടിന്‍ പറഞ്ഞു.
യു.എസിന്റെ കടുത്ത ഭീഷണി വകവയ്ക്കാതെയാണ് തുര്‍ക്കി റഷ്യയുടെ എസ്-400 സ്വന്തമാക്കിയത്. ഇന്ത്യയും ഇതു വാങ്ങാന്‍ ഒരുങ്ങുകയാണ്. അതേസമയം സഊദിക്കും ഇറാനുമിടയില്‍ മധ്യസ്ഥതയ്ക്ക് റഷ്യയെ ആരും ക്ഷണിച്ചിട്ടില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."