വിമാനവാഹിനി വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയി
മോഷണം കൊച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ 'വിക്രാന്തി'ലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലിലാണ് മോഷണം നടന്നിരിക്കുന്നത്. നാല് കംപ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്‌ക്കുകളാണ് മോഷണം പോയത്. ഹാര്‍ഡ് ഡിസ്‌ക്കിനൊപ്പം അതിന്റെ ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. കംപ്യൂട്ടര്‍ തകര്‍ത്താണ് ഹാര്‍ഡ് ഡിസ്‌ക്ക് മോഷ്ടിച്ചിരിക്കുന്നത്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അധികൃതരുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് ഹാര്‍ഡ് ഡിസ്‌ക്ക് മോഷണം പോയതായി സൗത്ത് പൊലിസിന് പരാതി ലഭിക്കുന്നത്. നാവിക സേനയ്ക്ക് വേണ്ടിയാണ് ഈ വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്നത്. നിര്‍മാണം അവസാനഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് മോഷണം നടന്നിരിക്കുന്നത്. കപ്പലിന്റെ നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലിസിന്റെ അന്വേഷണം നടക്കുന്നത്.
2009ലാണ് കപ്പലിന്റെ നിര്‍മാണം കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആരംഭിച്ചത്. ഐ.എന്‍.എസ് വിക്രാന്തിന്റെ നിര്‍മാണം തുടങ്ങിയത് മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. എന്നിട്ടും അതീവ സുരക്ഷാമേഖലയില്‍ എങ്ങനെ മോഷണം നടന്നുവെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുന്നത്. കപ്പല്‍ നേവിക്ക് കൈമാറാത്തതിനാല്‍ തന്നെ സേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്ക് അല്ല മോഷണം പോയതെന്നാണ് കരുതുന്നത്. നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ഷിപ്പ് യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. വിശദമായ അന്വേഷണത്തിനായി കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പിക്ക് കൈമാറിയിട്ടുണ്ട്. 262 മീറ്റര്‍ നീളവും 40,000 ടണ്‍ കേവുഭാരമുള്ള വിമാനവാഹിനി കപ്പലിന് 30 മിഗ് 28 കെ യുദ്ധവിമാനങ്ങളെയും 10 വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകളെയും വഹിക്കാന്‍ കഴിയും. കൂടാതെ 196 ഓഫിസര്‍മാര്‍ക്കു 1449 സെയിലേഴ്‌സിനും താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഒരിക്കല്‍ ഇന്ധനം നിറച്ചാല്‍ 15,000 കിലോമീറ്റര്‍ ദൂരെ വരെ സഞ്ചരിക്കാന്‍ കഴിയും. 2009ലാണ് കപ്പലിന്റെ നിര്‍മാണം കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആരംഭിച്ചത്. 2021ല്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയോളമാണ് കപ്പലിന്റെ നിര്‍മാണച്ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."