അമിതവേഗതയില്‍ 'കുത്തക' സ്വകാര്യബസുകള്‍ക്ക്; കെ.എസ്.ആര്‍.ടി.സിയും മോശമല്ല
തേഞ്ഞിപ്പലം: അമിതവേഗതക്ക് സ്വകാര്യബസുകള്‍ 'റെക്കോര്‍ഡ്' നേടിയിട്ടുണ്ടെങ്കില്‍ അപകടവളവുകളില്‍ നിയമലംഘിച്ചുള്ള മറികടക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുന്‍നിരയില്‍. രാമനാട്ടുകര മുതല്‍ സര്‍വകലാശാല വരെ ദേശീയപാതയില്‍ ഇത് പതിവുകാഴ്ചയാണ്.
കൊടുംവളവുകളില്‍ പോലും ബസുകളുടെ ദിശതെറ്റിച്ചുള്ള മരണപാച്ചിലില്‍ നിന്നു തലനാരിഴക്കാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്. അടുത്തിടെയായി കെ.എസ്.ആര്‍.ടി.സി ബസുകളാണ് പ്രദേശങ്ങളില്‍ കൂടുതലും അപകടങ്ങള്‍ക്ക് കാരണമായത്.
മാസങ്ങള്‍ക്ക് മുന്‍പ് സ്ഥിരം അപകടമേഖലയായ തേഞ്ഞിപ്പലം പൊലിസ്‌സ്റ്റേഷന്‍ വളവില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ പിടികൂടാന്‍ ഹൈവെ പൊലിസ് വിരിച്ച വലയില്‍ ആദ്യം കുടുങ്ങിയത് കെ.എസ്.ആര്‍.ടി.സി ബസ് ആയിരുന്നു. അന്ന് ഡ്രൈവറെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു പൊലിസ്. ഒരാഴ്ച മുന്‍പ് ദേശീയപാത 17 സ്പിന്നിങ് മില്ലിന് സമീപമുള്ള വളവില്‍ മറികടന്നു വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ച ഓട്ടോറിക്ഷ തൊട്ടടുത്തുള്ള കൊക്കയിലേക്ക് മറിയാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാക്കഞ്ചരിവളവില്‍ ഇന്നലെ ബൈക്ക് അപകടത്തില്‍പ്പെടാന്‍ കാരണമായതും കെ.എസ്.ആര്‍.ടി.സി ബസാണ്.
വളവില്‍ മറികടന്നുവരുന്ന ബസിനെ കണ്ട് വെട്ടിച്ച ബൈക്ക് റോഡ് സൈഡിലെ കട്ടറിലേക്ക് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തിന് കാരണമായ ബസിനെ പിന്‍തുടര്‍ന്ന് പിടികൂടാന്‍ ബൈക്ക് യാത്രക്കാരന്‍ ഒരുങ്ങിയെങ്കിലും ബസിനെ പിന്‍തുടരുന്നത് അപകടത്തിന് കാരണമാകമെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ യുവാവിനെ പിന്തിരിപ്പിക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ വളവുകളില്‍ ദിശമാറി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ വളവുകളില്‍ പ്രത്യേക നിരീക്ഷണം നടത്തി കുറ്റക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഹൈവെ ജാഗ്രതാ സമിതികളടക്കമുള്ള സംഘടനകളും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."