കശ്മീര്‍ ഇന്ത്യയുടെ ഭാഗം; ഫാറൂഖ് അബ്ദുല്ലക്ക് ഐക്യദാര്‍ഢ്യവുമായി പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഫാറൂഖ് അബ്ദുല്ലക്ക് ഐക്യദാര്‍ഢ്യവുമായി പി.കെ കുഞ്ഞാലിക്കുട്ടി. സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം കേന്ദ്ര നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, ഒരു സംസ്ഥാനത്തെ നിലവിലുള്ള നിയമം മാറ്റിസ്ഥാപിക്കുമ്പോള്‍ അവിടുത്തെ നിയമസഭയുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം പരമ പ്രധാനമാണ്.
ഇതിന്റെ ഏറ്റവും ഭീകര മുഖമാണ് ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റു ചെയ്തതിലൂടെ വെളിവാകുന്നത്. പൊതു സുരക്ഷാ നിയമപ്രകാരം(പി.എസ്.എ) വന്ദ്യ വയോധികനും 3 തവണ ജമ്മു കാശ്മീരിന്റെ മുഖ്യമന്ത്രിയും നിലവിലെ എം.പി യുമായ തലമുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവിനെ കുറ്റവാളിയെപോലെ കൈകാര്യം ചെയ്യുന്നത് ഒട്ടും അനുവദിക്കാന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ ഒറ്റമുറിയില്‍ തീര്‍ത്തും ജയിലിനു സമാനമായ രീതിയിലാണ് അടച്ചിട്ടുള്ളത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുപോരുന്ന മറ്റിതര നിലപാടുകളെപോലെതന്നെ ഫാസിസ്റ്റു സ്വഭാവത്തോടെയാണ് കാശ്മീര്‍ വിഷയവും കൈകാര്യം ചെയ്യുന്നത്. തീര്‍ത്തും സമാധാനത്തോടെ മുന്നോട്ടുപോയിരുന്ന ഒരു സംസ്ഥാനത്തെ വ്യത്യസ്ത വിഷയങ്ങളുടെ പേരില്‍ അസ്വസ്ഥമായ ഒരു ദേശമാക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടന്ന് മോചിപ്പിക്കുകയും കാശ്മീര്‍ വിഷയത്തില്‍ വിശാല ഇന്ത്യന്‍ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കടുംപിടുത്തം ഒഴിവാക്കി ചര്‍ച്ചയിലൂടെ സമാധാനത്തിന്റെ നല്ല നാളുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് വേണ്ടത്.
https://www.facebook.com/pkkunhalikutty/photos/a.569779303077533/2407476989307746/?type=3&theater
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."