മദ്യക്കടത്തും ഇന്‍ഷുറന്‍സ് വെട്ടിപ്പും: സഊദിയില്‍ ജയിലിലായ രണ്ടു മലയാളികള്‍ മോചിതരായി
റിയാദ്: സഊദിയില്‍ മദ്യക്കടത്ത്, ഇന്‍ഷൂറന്‍സ് തട്ടിപ്പ് കേസുകളില്‍ അകപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന രണ്ടു മലയാളികള്‍ മോചിതരായി നാട്ടിലേക്ക് തിരിച്ചു. ഇവര്‍ക്ക് വിധിച്ച തടവ് ശിക്ഷയില്‍ ആറു മാസത്തിനു ശേഷം ഇളവ് ലഭിച്ചതോടെയാണ് ജയില്‍ മോചനം സാധ്യമായത്. മദ്യക്കടത്തില്‍ പിടിയിലായ എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷിഹാസ്, ഇന്‍ഷുറന്‍സ് പരിരക്ഷയിലുള്ള പണം തട്ടിയെടുക്കാനായി സ്വന്തം സ്ഥാപനം കത്തിച്ച കേസില്‍ പിടിയിലായ പുനലൂര്‍ സ്വദേശി അബ്ദുല്‍ റഷീദ് എന്നിവരാണ് ആറു മാസത്തെ തടവിന് ശേഷം മോചിതരായത്. രണ്ടു വര്‍ഷമായിരുന്നു ഇരുവര്‍ക്കുമുള്ള ശിക്ഷയെങ്കിലും ആറു മാസത്തിനു ശേഷം ഇളവ് ലഭിച്ച ഇരുവരും ജയില്‍ മോചിതനായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി.
മട്ടാഞ്ചേരി സ്വദേശി ശിഹാസ് ഭാര്യയും രണ്ടു കുട്ടികളുമടക്കം കുടുംബ സമേതം ബഹ്റൈനില്‍ നിന്നും സഊദിയിലേക്ക് വരുന്ന വഴി കോസ്വേയില്‍ വെച്ചാണ് പോലീസ് പിടിയിലായത്. സ്വന്തം വാഹനത്തില്‍ നിന്നും 65 കുപ്പി മദ്യവുമായി പിടിക്കപ്പെട്ടതോടെ നേരെ ജയിലിലെക്കാണ് ഇയാളെ എത്തിച്ചിരുന്നത്. ബഹ്റൈന്‍ വിസക്കാരായതിനാല്‍ കുടുംബത്തെ ബഹ്റൈനിലേക്ക് തിരിച്ചയച്ചെങ്കിലും ദമാം ക്രിമിനല്‍ കോടതി ശിഹാസിനു രണ്ടു വര്‍ഷം തടവാണ് വിധിച്ചിരുന്നത്.
ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി തട്ടിപ് നടത്തിയ കേസിലാണ് കൊല്ലം പുനലൂര്‍ സ്വദേശി അബ്ദുല്‍ റഷീദ് ജയിലിലായത്. കുടുബത്തോടൊപ്പം നല്ല നിലയില്‍ പ്രവാസ ജീവിതം നയിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വന്നെത്തിയ സാമ്പത്തികമായി പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ഞെരുക്കത്തില്‍ നിന്നും കര കയറാനായി കണ്ടെത്തിയ കുറുക്കു വഴിയാണ് ഇയാളെ ജയിലിലെത്തിച്ചത്. ഇതില്‍ നിന്നും കര കയറാനായി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനായി സ്വന്തം സ്ഥാപനമായ വര്‍ക്ഷോപ്പിന് തീക്കൊളുത്തുകയായിരുന്നു. ഇരുട്ടില്‍ മുഖംമൂടിയണിഞ്ഞ് വര്‍ക്ക്‌ഷോപ്പിലെത്തി കത്തിക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞത് പോലീസ് പരിശോധിച്ചതോടെയാണ് സംഭവം പൊളിഞ്ഞത്. സംഭവം പൊളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ദമാം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
രണ്ടു പേരുടെയും ഭാര്യമാരുടെ സങ്കട ഹരജി സാമൂഹ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ വഴി ദമാം ജയില്‍ മേധാവിക്ക് സമര്‍പ്പിച്ചതോടെയാണ് ശിക്ഷാ കാലാവധിയില്‍ ഇളവു ലഭിച്ച് ഇരുവര്‍ക്കും മോചനം സാധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."