വിമാനത്താവള ഉദ്ഘാടനം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാലിന് മുഖ്യമന്ത്രിയെത്തും
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തും. വൈകിട്ട് മൂന്നിനാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തുക. നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷം അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
സ്ഥലം എം.എല്‍.എയായ മന്ത്രി ഇ.പി ജയരാജനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. കിയാല്‍ ജീവനക്കാര്‍ക്ക് പുറമെ കലക്ടര്‍ മീര്‍ മുഹമ്മദലി, ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്‍പതിനാണ് വിമാനത്താവളം ഉദ്ഘാടനം. ചടങ്ങിന് ഒരുലക്ഷം പേരെയാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) പ്രതീക്ഷിക്കുന്നത്.
കേരളീയ തനിമയില്‍ ഉദ്ഘാടനം നടത്താനാണ് കിയാല്‍ തീരുമാനം.
വിമാനത്താവളത്തിനകത്ത് ഒരുക്കുന്ന വേദി എവിടെയാണെന്ന കാര്യത്തില്‍ അവലോകന യോഗത്തില്‍ തീരുമാനമെടുക്കും. കിയാല്‍ അധികൃതര്‍ കണ്ടെത്തിയ രണ്ടുസ്ഥലങ്ങളിലൊന്നില്‍ 488 ചതുരശ്രയടി വിസ്തൃതിയുള്ള വേദി അഞ്ചടി ഉയരത്തിലാണ് ഒരുക്കുക. ഉദ്ഘാടനത്തിന് എത്തുന്നവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണു സ്വീകരിക്കുക. ചടങ്ങിനെത്തുന്നവരെ വരവേല്‍ക്കാന്‍ മോഹിനിയാട്ടം, കഥകളി, തെയ്യം, ഒപ്പന, കോല്‍ക്കളി, കളരി, മാര്‍ഗംകളി എന്നിവയും ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."