പനിച്ചുവിറച്ച് അരീക്കോട്; ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 30 കഴിഞ്ഞു
അരീക്കോട്: പനി പടര്‍ന്ന് പിടിക്കുമ്പോഴും അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ അസൗകര്യങ്ങള്‍ക്കിടയില്‍ വീര്‍പ്പ് മുട്ടുന്നു. പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിയതോടെ കിടക്കാന്‍ ബെഡും കട്ടിലുകളും തികയുന്നില്ല. പനിവാര്‍ഡില്‍ നിലത്ത് കിടക്കേണ്ട ഗതികേടിലാണ് രോഗികള്‍. ദിവസേനെ ഒ.പിയില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും പനി ബാധിതരാണ്. കുഴിമണ്ണ, കാവനൂര്‍, എടവണ്ണ, അരീക്കോട്, ഊര്‍ങ്ങാട്ടിരി, ചീക്കോട്, പുല്‍പ്പറ്റ, കിഴുപറമ്പ് എന്നീ പഞ്ചായത്തുകളില്‍ നിന്നായി നൂറുക്കണക്കിന് രോഗികളാണ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്.
ചികിത്സ തേടിയെത്തുന്നവരില്‍ മിക്ക ആളുകളും ഡെങ്കിപ്പനി ബാധിച്ചവരാണ്. നാലുദിവസത്തിനിടെ 33 ആളുകള്‍ക്കാണ് ഇവിടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 21 സ്ത്രീകള്‍ക്കും കുട്ടികളും പുരുഷന്‍മാരും അടക്കം ഒന്‍പത് പേര്‍ക്കുമാണ് ഡെങ്കി സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇതിന് പുറമെ മഞ്ഞപ്പിത്തവും വയറിളക്കവും ബാധിച്ച രണ്ട് പേരെയും കിടത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്. പനി ബാധിതരില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ടും ടോട്ടല്‍ കണ്ടും കുറഞ്ഞവരാണധികവും. ഇത് ഡെങ്കിപ്പനിയുടെ ലക്ഷണമാണ്.
കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഡെങ്കിപ്പനി കാണപ്പെടുന്നുണ്ട്. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ മധ്യവയസ്‌കന്‍ മരിച്ചിരുന്നു. കീഴുപറമ്പ് പത്തനാപുരം പൂവ്വത്തികണ്ടി ചൂരപ്ര രാജനാ(47)ണ് മരിച്ചത്. 35 കട്ടിലുകളാണ് ആശുപത്രിയിലുള്ളത്. ഇപ്പോള്‍ തന്നെ ആറ് രോഗികള്‍ നിലത്താണ് കിടക്കുന്നത്. നിലവില്‍ 500 മുതല്‍ 900 രോഗികള്‍ വരെ ഇവിടെയെത്തുന്നുണ്ട്.
പകര്‍ച്ചാ വ്യാധികള്‍ വ്യാപകമായാല്‍ കിടത്തി ചികിത്സക്ക് എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടെ ആശുപത്രിയില്‍ എത്തുന്നവരുടെ പ്രയാസം ഇരട്ടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."