ദീപാവലി ആഘോഷത്തിലെ കോടതി ഇടപെടല്‍; തമിഴ്‌നാടിന് നഷ്ടങ്ങളേറെ
കോയമ്പത്തൂര്‍: ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നത് നിയന്ത്രിച്ച സുപ്രിം കോടതി ഉത്തരവ് തമിഴ്‌നാടിന് തിരിച്ചടിയാകുന്നു. നിരോധനം പൂര്‍ണമായും ദില്ലിക്കാണ് ബാധകമെങ്കിലും വാണിജ്യപരമായി ബാധിക്കുന്നത് തമിഴ്‌നാടിനെയാണ്.
പഞ്ചാബ്, ഹരിയാന ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹൈക്കോടതികള്‍ പടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും തമിഴ്‌നാടിന് തിരിച്ചടിയായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ പടക്ക ഉപയോഗത്തില്‍ സുപ്രിം കോടതി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ദിവസത്തില്‍ വായുമലിനീകരണത്തിന്റെ തോത് 3.5ന് മുകളിലായിരുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്. സുപ്രി കോടതി ഉത്തരവ് വന്നതോടെ ഉത്തരേന്ത്യയിലെ പടക്ക വിപണി നിര്‍ജീവമായ അവസ്ഥയിലാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പടക്കങ്ങളും അനുബന്ധ സാമഗ്രികളും എത്തുന്നത് തമിഴ്‌നാട്ടിലെ ശിവകാശിയിലുള്ള പടക്ക നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നാണ്. ഇതുപോലുള്ള ആയിരത്തോളം കമ്പനികളാണ് ശിവകാശിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ 10 ലക്ഷത്തിലധികം തൊഴിലാളികളും ജോലിയെടുക്കുന്നു. ഒരുവര്‍ഷം മുഴുവന്‍ തയാറാക്കുന്ന സാമഗ്രികള്‍ പ്രധാനമായും വിറ്റഴിക്കുന്നത് ഉത്സവ സീസണിലാണ്. ഇത്തവണ ദീപാവലിക്കായി ഒരുക്കിയ സാമഗ്രികളുടെ ശിവകാശിയിലെ എല്ലാ കമ്പനികളുടെയും കണക്കെടുത്താല്‍ അത് 2000 കോടിക്ക് മുകളില്‍ വരും. എന്നാല്‍ ഇത്തവണ 500 കോടിയുടെ സാമഗ്രികള്‍ പോലും ശിവകാശിയില്‍ നിന്നും കയറ്റുമതി ചെയ്യാനായിട്ടില്ലെന്ന് ശിവകാശിയിലെ അജന്ത ഫയര്‍വര്‍ക്‌സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ആറുമുഖന്‍ സുപ്രഭാതത്തോട് പറഞ്ഞു.
പടക്ക വിപണിയിലുണ്ടായ ഈ മാന്ദ്യം ഒട്ടേറെ ചെറുകിട പടക്കനിര്‍മാണ കമ്പനികളെ പ്രതിസന്ധിയിലാക്കും. ചെറുകിട വ്യവസായികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഈ സീസണോടുകൂടി പല കമ്പനികളും അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കുവരെയെത്തി. ഒരു വിധിയിലൂടെ ലക്ഷക്കണക്കിന് തൊഴിലാളികളുടെയും കുടുംബത്തിന്റെയും ദീപാവലിയാണ് പട്ടിണിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."