സ്‌കൂളുകളില്‍ നൂറുമേനി കൊയ്യാന്‍ 'പഠന വൈകല്യം !'
കഴിഞ്ഞ വര്‍ഷം ആനുകൂല്യം നേടിയത് 18,400 പേര്‍
മലപ്പുറം: ടീച്ചറേ അവന്‍ പഠനത്തില്‍ ഉഴപ്പനാ... അവനെ പഠന വൈകല്യമുള്ളവരില്‍ ചേര്‍ക്കാം. ഒന്‍പതാം ക്ലാസുവരെ ഒരു വൈകല്യവുമില്ലാതെ പഠനം പൂര്‍ത്തിയാക്കിയവരെ പത്തിന്റെ കടമ്പ കടത്താനുള്ള കുറുക്കുവഴിയാണ് ഈ 'പഠന വൈകല്യ വിദ്യ'. എസ്.എസ്.എല്‍.സി പരീക്ഷയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ സ്‌കൂളില്‍ നൂറുമേനി ഉറപ്പിക്കാനായി അധ്യാപകരും പി.ടി.എയും വിദ്യാര്‍ഥിക്ക് പഠന വൈകല്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താനുള്ള തിരക്കിലാണ്.
പരീക്ഷയെഴുതാന്‍ അധികസമയം, നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് യോഗ്യനായ ഒരു അധ്യാപകന്റെ സഹായം, ഉത്തരം എഴുതിക്കൊടുക്കാന്‍ സ്‌ക്രൈബ് തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങളാണ് വിവിധ വൈകല്യമുള്ളവര്‍ക്കായി വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്നത്.
ഈ ആനുകൂല്യം ദുരുപയോഗം ചെയ്താണ് നൂറുമേനി ലക്ഷ്യമിട്ട് കൃത്രിമ റിസല്‍ട്ടുണ്ടാക്കാന്‍ സംസ്ഥാനത്തെ പല സ്‌കൂളുകളിലും ശ്രമം തുടങ്ങിയിരിക്കുന്നത്.
2019 മാര്‍ച്ച് 13നാണ് ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുക. ഇതില്‍ പരീക്ഷയെഴുതുന്നവരില്‍ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ പേര് ശേഖരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിപത്രം പ്രസിദ്ധീകരിച്ചത്. 40 ശതമാനമോ അതിലധികമോ ശ്രവണവൈകല്യം, കാഴ്ച വൈകല്യം, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍(എം.ആര്‍), ഓട്ടിസം, പഠനവൈകല്യം (എല്‍.ഡി) തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ആനുകൂല്യം നല്‍കുന്നത്. ഇതില്‍ ശ്രവണം, കാഴ്ച, ബുദ്ധി, ഓട്ടിസം, അസ്ഥി തുടങ്ങിയവയിലെ വൈകല്യമുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിന്റെ പകര്‍പ്പാണ് ആനുകൂല്യം ലഭിക്കാനായി നല്‍കേണ്ടത്.
ഇതില്‍ വേണ്ടത്ര തട്ടിപ്പ് നടക്കില്ല. ഇതോടൊപ്പം പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആനുകൂല്യമാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. പഠനവൈകല്യമുള്ള കുട്ടികള്‍ ആനുകൂല്യം നേടാന്‍ അപേക്ഷയോടൊപ്പം വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ഇതില്ലെങ്കില്‍ ഗവണ്‍മെന്റ് സൈക്യാട്രിക് ഡോക്ടറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് മതിയാവും. ഇതാണ് ചിലയിടങ്ങളില്‍ അധ്യാപകരുടെ സഹായത്തോട അനധികൃതമായി തരപ്പെടുത്തുന്നത്. ചുളിവുമാര്‍ഗത്തിലൂടെ പഠന വൈകല്യ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം മാത്രം 18,400 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷക്ക് സവിശേഷ സഹായം ആവശ്യമുള്ളവര്‍ക്കുള്ള ആനുകൂല്യം നേടിയത്.
2017ല്‍ ഇത് 16,500 ആയിരുന്നു. അധ്യാപകരുടെ സഹായത്തോടെ സ്‌കൂള്‍ തലത്തില്‍ പഠന വൈകല്യമുള്ള കുട്ടികളുടെ സ്‌ക്രീനിങ് നടത്തി പട്ടിക ഇരുപതിനകം ഡി.ഇ.ഒക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇവരെ ഡി.ഇ.ഒമാര്‍ റിസോഴ്‌സ് അധ്യാപകരുടെ സഹായത്തോടെ വീണ്ടും സ്‌ക്രീനിങ് നടത്തണമെന്നാണ് ചട്ടമെങ്കിലും കാര്യക്ഷമമായി നടക്കാറില്ലെന്നതാണ് സത്യം. പഠന വൈകല്യമുള്ളവരെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ പരീക്ഷ എഴുതാന്‍ പത്ത് മിനുട്ട് അധികസമയം, സ്‌ക്രൈബിന്റെ സേവനം എന്നിവ ലഭിക്കും.
വ്യാജ അപേക്ഷകള്‍ തടയുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നല്‍കുന്ന ഐ.ക്യു പരിശോധന റിപ്പോര്‍ട്ട് നിലവില്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് സൈക്കോളജിസ്റ്റ് ഇല്ലാത്ത ജില്ലകളില്‍ ഡി.ഇ.ഒമാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ക്യാംപ് നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. അനര്‍ഹര്‍ക്ക് ആനുകൂല്യത്തിനായി ശുപാര്‍ശ ചെയ്തുവെന്ന് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."